Kerala

സംസ്ഥാനത്ത് ഇന്ന് വരണ്ട കാലാവസ്ഥ; വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമം അനുവദിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വരണ്ട കാലാവസ്ഥയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പകൽ സമയത്ത് ഉയർന്ന ചൂട് അനുഭവപ്പെടുമെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. പകൽസമയത്തെ കനത്ത ചൂട് കാരണം കേരളത്തിൽ ഇന്ന് മുതൽ പുറം ജോലികൾക്കായുള്ള സമയം പുനക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമം അനുവദിക്കണം.

ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന വിധത്തിലും ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും ജോലി ക്രമീകരിക്കണം. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ 8 മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശിച്ചിരിക്കുന്നത്. ഫെബ്രുവരി 11 മുതൽ മെയ് 10 വരെയാണ് നിയന്ത്രണം. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി.

നിർമ്മാണ മേഖലയിലും റോഡ് നിർമ്മാണ ജോലിക്കാർക്കിടയിലും കർശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

­