കോട്ടയം: കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിങിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൂന്ന് മാസത്തോളം റാഗ് ചെയ്തെന്നാണ് പരാതിയിലുള്ളത്.
കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളായ 6 പേരാണ് റാഗിംഗിന് ഇരയായത്. ഒന്നാം വർഷ വിദ്യാർഥികളെ നഗ്നരാക്കിയ ശേഷം പ്രതികൾ ദൃശ്യങ്ങൾ പകർത്തി. കോമ്പസ് ഉപയോഗിച്ച് ശരീരത്ത് മുറിവുകൾ ഉണ്ടാക്കി. മുറിവുകളിൽ ബോഡി ലോഷൻ തേച്ചു. ഒന്നാംവർഷ വിദ്യാർത്ഥികളുടെ പ്രതികൾ സ്ഥിരമായി പണം വാങ്ങുമായിരുന്നു. മദ്യം വാങ്ങാൻ വേണ്ടിയാണ് പ്രതികൾ പണം വാങ്ങിയതെന്നും പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ മൊഴി നല്കി.
വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. റാഗിംഗിന് ഇരകളായ വിദ്യാർത്ഥികളില്‍ മൂന്ന് പേരാണ് കോളേജിൽ പരാതി നൽകി. ഇതിൽ ഒരു വിദ്യാർത്ഥിയുടെ മൊഴിയിലാണ് കേസെടുത്തത്. കോളേജിലെ ആന്റി റാഗിംഗ് സെൽ വഴിയാണ് പൊലീസിന് പരാതി കൈമാറിയത്.