India

അയോധ്യ രാമക്ഷേത്ര മുഖ്യപൂജാരി സത്യേന്ദ്ര ദാസ് അന്തരിച്ചു | ayodhya ram temples chief priest

1992 മാര്‍ച്ച് ഒന്നിനാണ് അയോധ്യയില്‍ മുഖ്യപൂജാരിയായി ചുമതലയെടുത്തത്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി മഹന്ത് സത്യേന്ദ്ര ദാസ് (85) അന്തരിച്ചു. ഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പി.ജി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

പക്ഷാഘാതത്തെത്തുടര്‍ന്ന് ഏതാനുംദിവസങ്ങളായി ചികിത്സയിലായിരുന്നു ആചാര്യ സത്യേന്ദ്ര ദാസ്. ആദ്യം അയോധ്യയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ഞായറാഴ്ചയാണ് ലഖ്‌നൗവിലെ ആശുപത്രിയിലെ ന്യൂറോളജി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തിന് പുറമേ പ്രമേഹവും രക്താതിസമ്മര്‍ദവും അദ്ദേഹത്തെ അലട്ടിയിരുന്നു.

1992 മാര്‍ച്ച് ഒന്നിനാണ് ആചാര്യ സത്യേന്ദ്ര ദാസ് അയോധ്യയില്‍ മുഖ്യപൂജാരിയായി ചുമതലയെടുത്തത്. വലിയ വിവാദങ്ങള്‍ നിലനിന്നിരുന്ന സമയമായിരുന്നു അത്. അതേവര്‍ഷം ഡിസംബറില്‍ ബാബറി മസ്ജിദ് പൊളിച്ചതോടെ അന്നത്തെ രാംലല്ല വിഗ്രഹം ടെന്റിലേക്ക് മാറ്റി. പിന്നീട് 2020 മാര്‍ച്ച് 25-നാണ് രാംലല്ല വിഗ്രഹം ടെന്റില്‍നിന്ന് മാറ്റിയത്. അതുവരെ 28 വര്‍ഷം ടെന്റിനകത്തുവെച്ചാണ് സത്യേന്ദ്ര ദാസ് പൂജ നടത്തിയിരുന്നത്.

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആചാര്യ സത്യേന്ദ്ര ദാസിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ചൊവ്വാഴ്ച സന്ദര്‍ശിച്ചിരുന്നു.