മലപ്പുറം: നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള്‍ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തിന് പിന്നാലെ സുഹൃത്തും ജീവനൊടുക്കി. കാരക്കുന്ന് സ്വദേശി സജീറാണ് (19) മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. പതിനെട്ടുകാരി മരിച്ച അന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരും അറിയാതെ പോയിരുന്നു.
ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ഈ മാസം മൂന്നിനാണ് ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു സംഭവം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.