India

രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശം; വിവാദമായതോടെ വീഡിയോ യൂട്യൂബിൽ നിന്ന് നീക്കി ഐടി മന്ത്രാലയം | ranveer allahbadias statement

ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍

ഡൽഹി: ബിയര്‍ ബൈസപ്‌സ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശത്തിൽ നടപടി കടുപ്പിച്ച് കേന്ദ്രം. വിവാദമായ ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ എപ്പിസോഡ് യുട്യൂബ് നീക്കം ചെയ്തു. വിഡീയോ ഇപ്പോൾ ഇന്ത്യയില്‍ ലഭ്യമല്ല എന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ രണ്‍വീറിന് ദേശീയ വനിത കമ്മീഷനും നോട്ടീസയച്ചു.

പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് മാതപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ച് രണ്‍വീര്‍ അല്ലാബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. ലൈംഗിക പരാമർശത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ രണ്‍വീര്‍ അല്ലാബാദിയ, സോഷ്യല്‍ മീഡിയ താരം അപൂര്‍വ മഖിജ തുടങ്ങിയ വിധികർത്താക്കൾക്കെതിരെ അസം പൊലീസ് കേസ് എടുത്തിട്ടുണ്ട്. മുംബൈ പൊലീസും ഇവർക്കെതിരെ നടപടി തുടങ്ങിയിരുന്നു.

പരാമർശത്തിനെതിരെ രാഷ്ട്രീയ നേതാക്കളടക്കം രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നു. തുടർന്ന് തമാശമായി താൻ പറഞ്ഞതാണെന്നും മാപ്പ് നൽകണമെന്നും രണ്‍വീര്‍ അല്ലാബാദിയ പ്രതികരിച്ചു. രൺവീറിന്‍റെ പരാമർശത്തിനെതിരെ നിയമ നടപടികൾ തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരും വിഷയത്തിൽ ഇടപെട്ടത്. 2008-ലെ ഐടി ആക്ട് പ്രകാരമാണ് എപ്പിസോഡ് നീക്കം ചെയ്തത്. ക ടെലികോം സേവന ദാതാക്കള്‍ക്കും യൂട്യൂബിനും വീഡിയോ നീക്കയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

സംഭവത്തിൽ ഈ മാസം 17ന് ഹാജരാകാൻ ദേശീയ വനിത കമ്മീഷൻ റൺവീറിന് നോട്ടീസയച്ചിട്ടുണ്ട്. ബിയര്‍ബൈസപ്‌സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തിയാണ് രണ്‍വീര്‍. ഇന്‍സ്റ്റാഗ്രാമില്‍ 45 ലക്ഷം ഫോളോവേഴ്സും 1.05 കോടി യൂട്യൂബ് സബ്സ്‌ക്രൈബര്‍മാരുമുള്ള അലാബാദിയയെ കഴിഞ്ഞവർഷം ആദ്യ ദേശീയ ക്രിയേറ്റേഴ്സ് അവാര്‍ഡ് ദാന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചിരുന്നു.