ഷാരൂഖ് ഖാനെ നായകനാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്ത ചിത്രമാണ് റാ വൺ. 2011 ൽ പുറത്തിറങ്ങിയ സിനിമ അക്കാലത്തെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. സൂപ്പർഹീറോ ജോണറിൽ കഥ പറഞ്ഞ സിനിമ പിൽക്കാലത്ത് ഏറെ ചർച്ചയായെങ്കിലും ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാതെ കടന്നു പോയ ഒന്നാണ്.
ഇപ്പോഴിതാ റാ വണ്ണിനെക്കുറിച്ച് 13 വർഷങ്ങൾക്കുശേഷം സംവിധായകൻ അനുഭവ് സിൻഹ നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ വാർത്തയാകുന്നത്.
2005 ലാണ് സിനിമയുടെ ആദ്യ ആശയം ഉണ്ടായത്. ആ സമയം ഷാരൂഖ് ഖാനുമായി ഈ ആശയം സംസാരിക്കുകയും ചെയ്തു. എന്നാൽ ഔദ്യോഗികമായി സിനിമനയുടെ ചർച്ചകൾ നടന്നിരുന്നില്ല. പെട്ടെന്ന് ബെർലിനിൽ നടന്ന ഒരു വാർത്ത സമ്മേളനത്തിൽ എസ് ആർ കെ സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു എന്ന് അനുഭവ് സിൻഹ പറഞ്ഞു.
സിനിമയുടെ ബജറ്റ് സംബന്ധിച്ച് ഷാരൂഖ് ഖാൻ ഒരിക്കലും സംസാരിച്ചിട്ടില്ല. അത്തരം കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കുന്ന വ്യക്തിയല്ല അദ്ദേഹമെന്നും അനുഭവ് സിൻഹ ദി ലല്ലന്റോപ്പിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
വിദേശ സാങ്കേതിക പ്രവർത്തകരുയുടെ സാന്നിധ്യം കൊണ്ടും ചർച്ച ചെയ്യപ്പെട്ട സിനിമയാണ് റാ വൺ. വിഖ്യാത ഗായകൻ എക്കോൺ ഉൾപ്പടെയുള്ളവർ സിനിമയുടെ ഭാഗമായിരുന്നു. എക്കോൺ സിനിമയുടെ ഭാഗമായതിന് പിന്നിലെ കഥയും അദ്ദേഹം പറഞ്ഞു.
‘ചമ്മക് ചലോയ്ക്കായി എക്കോണിനെ കൊണ്ടുവരിക എന്നത് വിശാലിന്റെയും ശേഖരിന്റെയും (സിനിമയുടെ സംഗീത സംവിധായകർ) ഐഡിയ ആയിരുന്നു. നമുക്ക് എക്കോണിനെ വേണമെന്ന് ഞാൻ ഷാരൂഖ് ഖാനോട് പറഞ്ഞു, നോക്കട്ടെ എന്ന് അദ്ദേഹവും. അതാണ് ഷാരൂഖ് ഖാൻ, അദ്ദേഹത്തിന് കാര്യങ്ങൾ സാധ്യമാക്കാൻ കഴിയും,’ എന്ന് അനുഭവ് സിൻഹ പറഞ്ഞു.
റാ വൺ റിലീസ് ചെയ്ത സമയം ചുറ്റും വിമർശനങ്ങളായിരുന്നു. റിലീസ് ചെയ്ത് രണ്ടുവാരം പിന്നിട്ടപ്പോൾ പ്രതീക്ഷിച്ച വിജയം നേടില്ലെന്ന് മനസ്സിലായി. അതോടെ തനിക്ക് വലിയ നിരാശ തോന്നി. ഷാരൂഖ് ഖാൻ വീഴുന്നത് കാണാൻ ആഗ്രഹിച്ചവർ ബോളിവുഡിലുണ്ട് എന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.