Kerala

44 ദിവസത്തെ ആശുപത്രി വാസത്തിന് അന്ത്യമാകുന്നു; ഉമ തോമസ് എംഎൽഎ നാളെ ഡിസ്ചാർജ് ആകും | uma thomas mla will leave hospital tomorrow

ആശുപത്രിയില്‍ നിന്നും ഓണ്‍ലൈനായി പൊതുപരിപാടിയിൽ ഉമ തോമസ് എംഎൽഎ പങ്കെടുത്തിരുന്നു

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വേദി തകർന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ നാളെ ഡിസ്ചാർജ് ആകും. 44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് എംഎൽഎ ഡിസ്ചാർജ് ആകുന്നത്. ഡിസംബർ 29നാണ് എംഎൽഎ വീണ് പരിക്കേൽക്കുകയും ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയും ചെയ്തത്. തലച്ചോറിനും ശ്വാസകോശത്തിനും ഉൾപ്പെടെ പരിക്കേറ്റു. എംഎൽഎയുടെ മനോധൈര്യം പ്രശംസനീയമാണെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. വെന്‍റിലേറ്ററിൽ നിന്ന് മാറ്റി രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ ‘ഐ ആം ഓകെ’ എന്ന് ഉമ തോമസ് പറഞ്ഞു.

ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎൽഎ പോവുക. സ്വന്തം വീടിന്‍റെ അറ്റകുറ്റ പണികൾക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും. നാളെ വൈകിട്ട് കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്ടർമാർ എംഎൽഎയ്ക്കൊപ്പം മാധ്യമങ്ങളെ കാണും.

ആശുപത്രിയില്‍ നിന്നും ഓണ്‍ലൈനായി പൊതുപരിപാടിയിൽ ഉമ തോമസ് എംഎൽഎ പങ്കെടുത്തിരുന്നു. കാക്കനാട് എം എ അബൂബക്കർ മെമ്മോറിയൽ സ്കൂൾ വികസനത്തിന്‍റെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായാണ് എംഎൽഎ പങ്കെടുത്തത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയില്‍ ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിക്കാനെത്തിയിരുന്നു.

മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് തന്നെ സന്ദർശിച്ച മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. ഇത് തന്‍റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.