ട്രംപിനെ കാണാൻ മോദി; യുഎസിൽ ഊഷ്മള സ്വീകരണം; ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി വാഷിങ്ടൻ ഡിസിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നിര്‍ണായക വിഷയങ്ങളില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച ചര്‍ച്ച നടത്തും. ടെസ്ല ഉടമയും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോണ്‍ മസ്‌കുമായും മോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്.

ബ്ലെയര്‍ ഹൗസിനായിരിക്കും മോദിയുടെ താമസം. ആദരസൂചകമായി ബ്ലെയര്‍ ഹൌസ് ഇന്ത്യന്‍ പതാകയാല്‍ അലങ്കരിച്ചു. കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വിലങ്ങണിച്ച് തിരിച്ചയച്ച അമേരിക്കന്‍ നടപടി ചര്‍ച്ചയായേക്കും. ഡൊണള്‍ഡ് ട്രംപ് രണ്ടാമതും പ്രസിഡന്റായ ശേഷമുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്.

ട്രംപിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്ക് എത്തുന്നതില്‍ ഇന്ന് നിര്‍ണായക ധാരണയുണ്ടായേക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡൊണാള്‍ഡ് ട്രംപുമായി നടക്കാനാരിക്കുന്ന കൂടിക്കാഴ്ചയെ വളരെ പ്രതീക്ഷയോടെ കാണുന്നുവെന്ന് വാഷിങ്ടണിലെത്തിയ ശേഷം മോദി എക്‌സില്‍ കുറിച്ചു. ലോകത്തിനാകെ പ്രയോജനപ്രദമായ വിധത്തില്‍ ഇന്ത്യ- അമേരിക്ക ബന്ധം ശക്തിപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

അനധികൃത കുടിയേറ്റം ആരോപിച്ച് ഇന്ത്യക്കാരെ കാലില്‍ ചങ്ങലയണിയിച്ച് തിരിച്ചയച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി പ്രതിഷേധിക്കാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തെക്കുറിച്ച് അമേരിക്കയില്‍ മോദി പ്രതികരിക്കുമോ എന്ന് ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം.