Kerala

വഴിയരികിൽ മാലിന്യം തള്ളി; യുവാവിന് ‘സമ്മാനം’ നൽകി ന​ഗരസഭ | garbage was dumped on the road

മാലിന്യം തള്ളിയ പായ്ക്കറ്റിൽ പേരും അഡ്രസും ഉള്ളതിനാൽ ന​ഗരസഭ അധികൃതർക്ക് കാര്യം എളുപ്പമായി

തൃശൂ‌ർ: വഴിയരികിൽ മാലിന്യം വലിച്ചെറിഞ്ഞ യുവാവിന് അത് തന്നെ പാഴ്സലാക്കി തിരികെ കുന്നംകുളം ന​ഗരസഭ. കുന്നംകുളം ന​ഗരസഭയുടെ പട്ടാമ്പി മെയിൻ റോഡിലാണ് ഐടിഎ ഉദ്യോ​ഗസ്ഥനായ യുവാവ് മാലിന്യം വലിച്ചെറിഞ്ഞത്. ഇത് തന്നെ പൊതിഞ്ഞ് പാഴ്സലാക്കി നഗരസഭാംഗങ്ങൾ തിരികെ വീട്ടിലെത്തിച്ച് നൽകുകയായിരുന്നു.

ശുചീകരണ പ്രവർത്തിനെത്തിയ ആളാണ് വഴിയരികിൽ പാക്ക് ചെയ്ത് പെട്ടിയിലാക്കിയ മാലിന്യം കണ്ടെത്തുന്നത്. പിന്നാലെ ശുചീകരണ തൊഴിലാളി ഇത് ന​ഗരസഭയെ അറിയിച്ചു. എന്നാൽ മാലിന്യം തള്ളിയ പായ്ക്കറ്റിൽ പേരും അഡ്രസും ഉള്ളതിനാൽ ന​ഗരസഭ അധികൃതർക്ക് കാര്യം എളുപ്പമായി. പിന്നാലെ ഇയാളെ ഫോണിൽ വിളിച്ച് ഒരു കൊറിയറുണ്ടെന്ന് പറഞ്ഞ് ലൊക്കേഷൻ മനസ്സിലാക്കിയെടുത്ത അധികൃതർ മാലിന്യം പാക്ക് ചെയ്ത് വീട്ടിലെത്തിക്കുകയായിരുന്നു.

വീട്ടിലെത്തി കൈമാറിയപ്പോഴാണ് താൻ വലിച്ചെറിഞ്ഞ മാലിന്യം തന്നെയാണ് തിരികെയെത്തിയത് എന്ന് മനസ്സിലായത്. നായയെ മൃഗാശുപത്രിയിൽ കൊണ്ടുപോകുന്നതിനടയിലാണ് ആരുമറിയാതെ ഇയാൾ മാലിന്യം ഇവിടെ നിക്ഷേപിക്കുന്നത്. സംഭവത്തിൽ പല ന്യായീകരണങ്ങൾ പറഞ്ഞു ഒഴിവാകാൻ ശ്രമിച്ചെങ്കിലും നഗരസഭ യുവാവിന് 5,000 രൂപ പിഴ ഈടാക്കുകയായിരുന്നു. സംഭവത്തിൽ പശ്ചാത്താപം അറിയിച്ചതിനാൽ യുവാവിൻ്റെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടില്ല.