India

ജാതിയുടെ പേരില്‍ പ്രണയബന്ധത്തിൽ എതിർപ്പ്; ഋഷഭ് പന്തിന്റെ ജീവന്‍രക്ഷിച്ച യുവാവും കാമുകിയും വിഷം കഴിച്ചു, കാമുകി മരിച്ചു | young man and his girlfriend consumed poison

ഇരുവര്‍ക്കും കുടുംബങ്ങള്‍ മറ്റുവിവാഹവും നിശ്ചയിച്ചിരുന്നു

ലഖ്‌നൗ: ജാതിയുടെ പേരില്‍ വീട്ടുകാര്‍ പ്രണയബന്ധത്തെ എതിര്‍ത്തതോടെ വിഷം കഴിച്ച് കമിതാക്കള്‍. വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന ഇരുപത്തിയൊന്നുകാരി ചികിത്സയിലിരിക്കെ മരണമടഞ്ഞു. യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ രജത്കുമാറി(25)നെയാണ് കാമുകിക്കൊപ്പം വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രജതിനൊപ്പം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകി മനു കശ്യപ്(21) മരിച്ചു.

ഫെബ്രുവരി 9-ാം തീയതി മുസാഫര്‍നഗര്‍ ബുഛാബസ്തിയിലായിരുന്നു സംഭവം. പ്രണയബന്ധത്തെ ഇവരുടെ കുടുംബങ്ങള്‍ എതിര്‍ത്തതിനാലാണ് കമിതാക്കളായ ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവതി മരിക്കുകയായിരുന്നു. ചികിത്സയിലുള്ള രജത് കുമാറിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാലാണ് ഇരുവരുടെയും കുടുംബങ്ങള്‍ പ്രണയത്തെ എതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും കുടുംബങ്ങള്‍ മറ്റുവിവാഹവും നിശ്ചയിച്ചിരുന്നു. ഇതാണ് ആത്മഹത്യശ്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അതേസമയം, മനു കശ്യപിനെ രജത് കുമാര്‍ തട്ടിക്കൊണ്ടുപോയി വിഷം നല്‍കിയതാണെന്ന് ആരോപിച്ച് യുവതിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കാര്‍ അപകടത്തില്‍പ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവന്‍രക്ഷിച്ചതോടെയാണ് രജത്കുമാര്‍ നേരത്തെ വാര്‍ത്തകളിലിടം നേടിയത്. 2022 ഡിസംബറിലായിരുന്നു ഈ സംഭവം. ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രയ്ക്കിടെ റൂര്‍ക്കിയില്‍വെച്ചാണ് ഋഷഭ് പന്ത് സഞ്ചരിച്ച മെഴ്‌സീഡസ് കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് തീപ്പിടിച്ചത്. സമീപത്തെ ഫാക്ടറിയില്‍ ജോലിക്കാരായിരുന്ന രജത്കുമാറും നിഷുകുമാര്‍ എന്നയാളുമാണ് അപകടം ആദ്യം കണ്ടത്. തുടര്‍ന്ന് ഇരുവരും ഓടിയെത്തുകയും ഋഷഭ് പന്തിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. തക്കസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ ഇരുവര്‍ക്കും അന്ന് ഏറെ പ്രശംസ ലഭിച്ചു. ജീവന്‍രക്ഷിച്ചതിന് ഋഷഭ് പന്ത് ഇരുവര്‍ക്കും സ്‌കൂട്ടറുകളും സമ്മാനിച്ചിരുന്നു.