തിരുവനന്തപുരം: മനുഷ്യ– വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനാതിർത്തി പ്രദേശങ്ങളിലും സംഘർഷം കൂടുതലുള്ള ഹോട്‍സ്പോട്ടുകളിലും ഡ്രോൺ നിരീക്ഷണം തീവ്രമാക്കാൻ വനം വകുപ്പ് തീരുമാനിച്ചു. ഇതിനായി ഡ്രോണുകൾ കൂടുതലായി വാങ്ങും. ഡ്രോൺ ഉപയോഗിക്കുന്നവരുടെ സഹായവും തേടും. എല്ലാ വനം ഡിവിഷനുകളിലെയും ആനത്താരകൾ, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ എന്നിവ തുടർച്ചയായി നിരീക്ഷിക്കുന്നതിന് കൂടുതൽ ക്യാമറകൾ വാങ്ങും. ഇതിനുള്ള നടപടി തുടങ്ങി.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. ഡ്രോൺ ഓപ്പറേറ്റിങ് ഏജൻസികളുമായി കരാറിൽ ഏർപ്പെടാനുള്ള നടപടികൾ ആരംഭിച്ചു. വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ശല്യപ്പെടുത്താതെ ആയിരിക്കും നിരീക്ഷണം നടത്തുക. തദ്ദേശ ഗോത്ര വിഭാഗങ്ങളുടെ കാടറിവിനെ ഉപയോഗപ്പെടുത്താൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ആദിവാസി വിഭാഗങ്ങളുമായി ചർച്ച നടത്തും. വനംവകുപ്പിന്റെ നിർദേശങ്ങൾ ആദിവാസികളിൽ എത്തിക്കുകയും ചെയ്യും. കേരളത്തിലെ 36 ഗോത്രസമൂഹങ്ങളെ ഇതിന്റെ ഭാഗമാക്കും. ആദ്യ യോഗം അടുത്ത മാസം ഒന്നിന് വയനാട് കുറുവ ദ്വീപിൽ സംഘടിപ്പിക്കും.