തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ കൂട്ടിലാക്കരുതെന്ന് ഡോക്ടർമാർ. ആനയുടെ ആരോഗ്യനില മോശമാണ്. കൂട്ടിൽ നിന്ന് പുറത്തു കടക്കാൻ ആന ശ്രമിക്കുന്നത് പരിക്ക് ഗുരുതരമാക്കും. മയക്കുവെടി വയ്ക്കുന്നതും അപകടമാണണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. CCF പ്രമോദ് ജി കൃഷ്ണനും, ഡോക്ടർ അരുൺ സക്കറിയയും എത്തി പരിശോധിച്ച ശേഷമാവും തുടർ തീരുമാനങ്ങൾ എടുക്കുക.
ആനയെ മയക്കുവെടി വെച്ച് കഴിഞ്ഞ 24ന് ചികിത്സ നൽകിയതാണെങ്കിലും നില വഷളായതിനെ തുടർന്നാണ് കോടനാടേക്ക് മാറ്റി ചികിത്സ നൽകാൻ വനം വകുപ്പ് തീരുമാനിച്ചത്. ആന നിലവിൽ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഉള്ളത്. പ്ലാന്റേഷനിലെ എണ്ണപ്പന തോട്ടങ്ങളിലും, ചാലക്കുടി പുഴയുടെ തീരങ്ങളിലുമായാണ് ആണ് ആനയുള്ളത്. ആനയെ ചികിത്സിക്കുന്നതിന് കോടനാട്ടിലെ കൂട് അനുയോജ്യമാണോ എന്ന് ഡോക്ടർ അരുൺ സക്കറിയ പരിശോധിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. കോടനാട് ആനപരിപാലന കേന്ദ്രത്തിൽ അരിക്കൊമ്പനായി നിർമ്മിച്ച കൂടാണ് പരിശോധനക്ക് വിധേയമാക്കിയത്. കൂട് അനുയോജ്യമെങ്കിൽ ദൗത്യം ഉടൻ ആരംഭിക്കാനും കുങ്കി ആനകളെയും ദൗത്യത്തിന് ഉപയോഗിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു.