Environment

വെജിറ്റേറിയൻ ചിലന്തിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അറിയാം ബഗീര കിപ്ലിങിനെക്കുറിച്ച് !

വെജിറ്റേറിയൻ ചിലന്തിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ബഗീര കിപ്ലിങി എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന മധ്യഅമേരിക്കന്‍ ചിലന്തിക്ക് ഒരു പ്രത്യേകതയുണ്ട്. ആള്‍ വെജിറ്റേറിയനാണ്. ലോകത്ത് 40,000-ത്തിലധികം ചിലന്തിവര്‍ഗങ്ങളുണ്ടെന്നാണ് ഒരു ഏകദേശ കണക്ക്. അതിൽ ഇന്നേവരെ കണ്ടെത്തിയിട്ടുള്ള സസ്യാഹാരിയായ ഏക ചിലന്തി ഇതാണ്.

ഒരുതരം അക്കേഷ്യ ചെടികളിലെ താമസക്കാരാണ് ഈ ചിലന്തികള്‍. ഇവരുടെ ഭക്ഷണത്തിന്റെ 90 ശതമാനവും ഈ ചെടികളില്‍ കാണുന്ന മാംസ്യവും പഞ്ചസാരയുമൊക്കെ ചേര്‍ന്ന് രൂപപ്പെട്ട ബെല്‍റ്റിയാന്‍ ബോഡിസ് എന്ന ഇലത്തുമ്പാണ്. ഇവയുടെ ശരീരത്തിന് ആവശ്യമുള്ളതെല്ലാം ഇതില്‍നിന്ന് ലഭിക്കും.

സസ്യാഹാരിയാണെങ്കിലും കിപ്ലിങ്ങിയെ ചെറുതായി കാണേണ്ട. ചിലന്തികളിലെ വേട്ടക്കാരെന്നറിയപ്പെടുന്ന ജമ്പിങ് സ്‌പൈഡേഴ്‌സ് വിഭാഗത്തിലെ അംഗമാണ് ഈ കിപ്ലിങി.

മറ്റുചിലന്തികള്‍ ഇരയെ ഓടിച്ചിട്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന കഴിവുകള്‍ ഇവര്ക്കുമുണ്ട്. എന്നാൽ അത് അക്കേഷ്യയില്‍ ധാരാളമായി കാണപ്പെടുന്ന ഉറുമ്പുകളില്‍ നിന്ന് രക്ഷപ്പെടാനാണ് ഇവർ ഉപയോഗിക്കാറുള്ളത്.

മെക്സിക്കോ, കോസ്റ്റാറിക്ക എന്നിവയുൾപ്പെടെ മധ്യ അമേരിക്കയിലാണ് ഇവ പ്രധാനമായും കാണുന്നത്.