വെറും 100യ്ക്ക് ഒരു വീട് സ്വന്തമാക്കാൻ പറ്റുമെന്ന് പറഞ്ഞാൽ വിശ്വസിക്കാമോ? ഇത്തിരി ബുദ്ധിമുട്ട് തോന്നുമെങ്കിലും സംഭവം ഉള്ളതാണ്. ഒരു ബിരിയാണിക്ക് മുടക്കുന്ന തുകയേക്കാൾ കുറഞ്ഞ രൂപയ്ക്ക് ഒരു വീട്! അസാധ്യമെന്ന് തോന്നുന്ന 90 രൂപയ്ക്ക് വീട് ഓഫർ വെച്ചിരിക്കുന്നത് ഇറ്റലിയാണ്. ആൾത്താമസമില്ലാത്ത, ജനങ്ങൾ കുറഞ്ഞ ഗ്രാമങ്ങളെിലും പ്രദേശങ്ങളിലും വീണ്ടും ജനവാസം കൊണ്ടുവരികയെന്ന ഉദ്ദേശത്തിലാണ് ഇറ്റാലിയൻ മുനിസിപ്പാലിറ്റികൾ 1 യൂറോ ഹൗസ് പദ്ധതി ആരംഭിച്ചത്. മുൻവർഷങ്ങളിലായി ആരംഭിച്ച പദ്ധതി വീണ്ടും സജീവമായിരിക്കുകയാണ്. മികച്ച ജീവിത സാഹചര്യങ്ങളും മെച്ചപ്പെട്ട ജോലികളും തേടി പോയ ജനങ്ങൾ ഉപേക്ഷിച്ച പ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ഇറ്റാലിയൻ മുനിസിപ്പാലിറ്റികൾ ലക്ഷ്യം വയ്ക്കുന്നത്.
ഇറ്റലിയുടെ സൗന്ദര്യം ആസ്വദിച്ചവരും ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ഒക്കെ ഇറ്റലിയെ പരിചയപ്പെട്ടവരും അറിയാതെയെങ്കിലും ഇവിടെ താമസിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകും. ഇങ്ങനെ ഇറ്റലിയിലെ ഗ്രാമങ്ങളിൽ ഒരു വീടുവെച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കും അല്ലെങ്കിൽ ഒരു റിയൽ എസ്റ്റേറ്റ് നിക്ഷേപമായി കണ്ട് ഇറ്റലിയിൽ ഒരു വീട് നോക്കുന്നവർക്കും ഒക്കെ പരിഗണിക്കുവാൻ പറ്റിയ ഓഫറാണ് 1 യൂറോ ഹൗസ് പദ്ധതി. കേൾക്കുമ്പോള്‍ പറ്റിക്കലാണ് എന്നു തോന്നുമെങ്കിലും ഇങ്ങനെ ഒരു പദ്ധതി നിലനിൽക്കുന്നുണ്ട്. അനാഥമായി കിടക്കുന്ന, അല്ലെങ്കിൽ ആള്‍ത്താമസമില്ലാത്ത വീടുകൾ ഉടമകള്‍ മുൻസിപ്പാലിറ്റിക്ക് കൈമാറി അവരാണ് ഒരു യൂറോയക്ക് വീട് വിൽക്കുന്നത്. എന്നാല് ഇവയിൽ മിക്കവയും മോശം അവസ്ഥയിലുള്ളതായിരിക്കും. അത്യാവശ്യം പണമിറക്കിയുള്ള നവീകരണം വേണ്ടിവരുന്ന നിലയാണ് മിക്കവയ്ക്കും.
അങ്ങനെ അറ്റുകുറ്റപ്പണികൾ, നിർമ്മാണം, ഫീസ് , രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾ കഴിയുമ്പോഴേയ്ക്കും നല്ല ഒരു തുക തന്നെ കയ്യിൽ നിന്നിറങ്ങും. എന്നാൽ മുൻസിപ്പാലിറ്റികളെ സംബന്ധിച്ചെടുത്തോളം ഇതിലൂടെ നികുതിയടക്കം വലിയ വരുമാനം നേടാൻ സാധിക്കും. അവർക്ക് പ്രത്യേകിച്ച് മുടക്കും ഇല്ല.വിദേശികൾക്കും ഇറ്റലിയില് 1 യൂറോ സ്കീമിന് കീഴിൽ വീട് വാങ്ങാൻ സാധിക്കും. എന്നിരുന്നാലും ഈ സ്കീമിന് കീഴിൽ ഒരു വീട് വാങ്ങുന്നതിന് വിദേശികൾ (നോൺ റസിഡൻസ് അല്ലെങ്കിൽ മറ്റു രാജ്യക്കാർ) ക്ക് അധികം ചില കാര്യങ്ങൾ കൂടി വേണ്ടതുണ്ട്. ഇറ്റലിയും വാങ്ങുന്നയാളുടെ മാതൃരാജ്യവും തമ്മിൽ ഒരു കരാർ നിലവിലുണ്ടോ എന്നതാണ് ഒരു പ്രധാന ഘടകം. ഒരു ഇറ്റാലിയൻ പൗരന് നിങ്ങളുടെ രാജ്യത്ത് പ്രോപ്പർട്ടി വാങ്ങാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് ഇറ്റലിയിൽ പ്രോപ്പർട്ടി വാങ്ങാം എന്നാണ് പൊതു നിയമം
കൂടാതെ, നികുതി പണം അടയ്ക്കുന്നത് സുഗമമാക്കുന്നതിനും മറ്റ് നിയമ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുമായി ഒരു ഇറ്റാലിയൻ നികുതി കോഡും നേടിയിരിക്കണം,ഇത്രയും കേട്ടിട്ട് ഇറ്റലിയിൽ ഒരു വീട് സ്വന്തമാക്കിയാൽ കൊള്ളാം എന്നു തോന്നുന്നില്ലേ. വീട് വാങ്ങുന്നവർ 365 അതായത് ഒരു വർഷത്തിനുള്ളിൽ തങ്ങളുടെ നവീകരണ പദ്ധതി അധികൃതർക്ക് സമർപ്പിക്കണം. ആവശ്യമായ പെർമിറ്റുകൾ നേടിയ ശേഷം മുനിസിപ്പാലിറ്റി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നവീകരണം ആരംഭിക്കാം. ഒരു വർഷത്തിനുള്ളിൽ ജോലി ആരംഭിക്കുകയും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അത് പൂർത്തിയാക്കുകയും വേണം. വീട് മേടിക്കുന്നവർ നവീകരണ പദ്ധതിയിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി 1,000 യൂറോ മുതൽ 5,000 യൂറോ വരെയുള്ള ജാമ്യ ബോണ്ട് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ഇത് പ്രോജക്റ്റ് പൂർത്തിയാക്കിയ ശേഷം റീഫണ്ട് തരും.
STORY HIGHLIGHTS: italy-is-selling-homes-for-1-euro-here-s-how-you-can-get-one