ന്യൂഡല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മാതൃ കമ്പനിയായ മെറ്റ. കമന്റുകള്‍ ‘ഡിസ്ലൈക്ക്’ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. ഫീച്ചര്‍ എന്ന് പുറത്തിറക്കുമെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ കമന്റ് വിഭാഗത്തിലെ ലൈക്ക് ഹാര്‍ട്ടിന് അടുത്തായി താഴേക്കുള്ള ആരോ അടയാളം കാണുന്നതായി നിരവധി ഉപയോക്താക്കള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലെ ഡൗണ്‍വോട്ട് ബട്ടണിന് സമാനമായാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക എന്നാണ് പ്രാഥമിക നിഗമനം. പുതിയ ഫീച്ചറിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പുതിയ ഫീച്ചര്‍ സംബന്ധിച്ച് വ്യത്യസ്ത പ്രതികരണങ്ങളാണ് വരുന്നത്. ഇത് സൈബര്‍ ബുള്ളിയിംഗിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുമെന്നാണ് ഒരു ഉപയോക്താവ് പ്രതികരിച്ചത്. ഒരു പ്രത്യേക കമന്റിനെക്കുറിച്ച് ആളുകള്‍ക്കുള്ള അതൃപ്തി സ്വകാര്യമായി സൂചിപ്പിക്കാന്‍ സാധിക്കും എന്നതാണ് പുതിയ സവിശേഷതയെന്ന് മെറ്റ വക്താവ് വ്യക്തമാക്കി. പോസ്റ്റുകളിലെ വിഷലിപ്തമോ പരുഷമോ ആയ കമന്റുകള്‍ കൈകാര്യം ചെയ്യാനും ലഘൂകരിക്കാനും ഉപയോക്താവിനെ സഹായിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ എന്നും മെറ്റ വക്താവ് വ്യക്തമാക്കി. ഒരു കമന്റ് ഡിസ്ലൈക്ക് ചെയ്യുന്നതിലൂടെ, ഉപയോക്താവിന് അത് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നത് തടയാന്‍ സാധിക്കും. ഇത് കൂടുതല്‍ പോസിറ്റീവ് ആയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ഒരു ഇന്‍സ്റ്റ ഉപയോക്താവ് വിശദീകരിച്ചു.
‘ഒരു റീലിലോ ഫീഡ് പോസ്റ്റിലോ ഉള്ള ഓരോ കമന്റിനും അടുത്തായി ഒരു പുതിയ ബട്ടണ്‍ പരീക്ഷിക്കുകയാണ്. ആളുകള്‍ക്ക് ആ പ്രത്യേക കമന്റ് നല്ലതല്ലെന്ന് തോന്നിയാല്‍ ഇതുസംബന്ധിച്ച് സ്വകാര്യമായി സൂചന നല്കാന് കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. പിന്നീട്, മികച്ച അനുഭവം സൃഷ്ടിക്കാന്‍ സഹായിക്കുന്നതിന് ഈ കമന്റുകള്‍ കമന്റ് വിഭാഗത്തില്‍ താഴേക്ക് നീക്കുന്നതും ഞങ്ങള്‍ പരീക്ഷിച്ചേക്കാം,’- മെറ്റാ വക്താവ് കൂട്ടിച്ചേര്‍ത്തു.
content highlight: Instagram update