India

വിവാഹ ആഘോഷത്തിനിടെ ഹൃദയാഘാതം, വരന് ദാരുണാന്ത്യം | Wedding Groom

ഭോപ്പാല്‍: ആടിപ്പാടി വിവാഹവേദിയിലേക്ക് എത്തുന്നതിനിടെ വരന്‍ ഹൃദയാഘാതം വന്ന് മരിച്ചു. മധ്യപ്രദേശിലെ സൂന്‍സ്‌വാദ ഗ്രാമത്തിലാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായത്. പ്രദീപ് ജാട്ടെന്ന(26) യുവാവാണ് മരിച്ചത്. കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യുഐയുടെ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് പ്രദീപ്.

വെള്ളിയാഴ്ച രാത്രിയോടെ കുതിരപ്പുറത്തിരുന്ന് വിവാഹമണ്ഡപത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് അത്യാഹിതം സംഭവിച്ചത്. ഇടയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം വയ്ക്കുകയും തിരികെ കുതിരപ്പുറത്തേറുകയും ചെയ്തു. കുതിരപ്പുറത്തിരിക്കുന്നതിനിടെ കടുത്ത ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. വധു വരനെ കാത്ത് മണ്ഡപത്തിനടുത്ത് ഇരിക്കുന്നതിനിടയിലാണ് വരന്‍ കുഴഞ്ഞ് വീണത്.

എല്ലാവരും ആഘോഷത്തിമിര്‍പ്പിലായതിനാല്‍ സംഭവിച്ചതെന്താണെന്ന് കുറച്ച് സമയം കഴിഞ്ഞാണ് ആളുകള്‍ തിരിച്ചറിഞ്ഞത്. സുഹൃത്തുക്കളിലൊരാള്‍ വരനെ കുതിരയുടെ മേല്‍ താങ്ങി നിര്‍ത്തുന്നത് വിഡിയോയില്‍ കാണാം. ബോധരഹിതനായി കുതിരപ്പുറത്ത് നിന്നും വീണ വരനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.