രാത്രികാലങ്ങളിൽ എന്തെങ്കിലുമൊക്കെ കഴിക്കാൻ തോന്നാത്തവരായി ആരുമുണ്ടാകില്ല. സിനിമകൾ കാണുമ്പോഴോ, ബുക്ക് വായിക്കുമ്പോഴോ, കൂട്ടംകൂടിയിരുന്ന് സംസാരിക്കുമ്പോഴോ എന്തെങ്കിലും കൂടെ കഴിക്കാൻ ഉണ്ടെങ്കിൽ നമ്മൾ ഡബിൾ ഹാപ്പി. ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ ചിന്ത ആദ്യം എത്തുന്നത് അടുക്കളയിലെ ഫ്രിഡ്ജിലേക്കും, ഭരണികളിലെ സ്നാക്സുകളിലേക്കുമാണ്. വറുത്ത ചിപ്പ്സ്, നൂഡിൽസ്, ഐസ്ക്രീം, അങ്ങനെ നീളും നമ്മുടെ ഓപ്ഷനുകൾ. എന്നാൽ ഇവ ശരീരത്തിന് എത്രമാത്രം ദോഷം ചെയ്യുമെന്ന് നമ്മൾ ചിന്തിക്കാറില്ല, പെട്ടന്ന് കഴിക്കാൻ പറ്റുന്ന എന്താണോ അതാണ് അന്നത്തെ ആഹാരം.
എന്നാൽ പ്രൊസസ്ഡ് പായ്ക്കറ്റ് ഫുഡുകളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര, സോഡിയം, പ്രിസർവേറ്റിവുകൾ, കൊഴുപ്പ് എന്നിവ രാത്രിയിലെ ദഹനപ്രക്രിയയ്ക്ക് ദോഷകരമാണ്. ഇത് കഴിക്കുന്നതിലൂടെ പെട്ടെന്നുണ്ടാകുന്ന വിശപ്പ് ശമിക്കും എന്നതല്ലാതെ ഇതുകൊണ്ട് ശരീരത്തിന് വേണ്ടുന്ന പോഷകങ്ങൾ ഒന്നും ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ രാത്രികാലങ്ങളിലെ വിശപ്പിനായി എളുപ്പവഴികൾ തിരഞ്ഞെടുക്കുമ്പോൾ കഴിവതും സ്നാക്സുകൾ ഒഴിവാക്കുക. ഇവ കുറച്ചു കഴിക്കുമ്പോൾ തന്നെ വീണ്ടും വീണ്ടും കഴിക്കാനുള്ള തോന്നൽ കൂട്ടുകയും പിന്നീട് അത് ഒരു ശീലമായി മാറുകയും ചെയ്യുന്നു.
ഇത്തരം ഭക്ഷണങ്ങൾ നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുകയും, അടുത്ത ദിവസം നമ്മൾ ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. കൂടാതെ ഇവ കഴിച്ചു കഴിഞ്ഞ ഉടൻ തന്നെ നമ്മൾ ഉറങ്ങുന്നതിനാൽ അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് അമിതവയർ വയ്ക്കാനും, ശരീരഭാരം കൂടാനും കാരണമാകും. ഇതിനായി പ്രോട്ടീനും, ഫൈബറും ധാരാളമായുള്ള ഭക്ഷണം രാത്രിൽ ശീലമാക്കേണ്ടതാണ്. കൂടാതെ അമിതമായി പഞ്ചസാര ചേർന്നതും കൊഴുപ്പ് അടങ്ങിയിട്ടുള്ളതുമായ ഫുഡുകൾ ഒഴിവാക്കണം.
ഇതിനുപകരം പ്രോട്ടീനും, മിനറൽസും, ഫൈബറും ചേർന്ന ബദാം, പിസ്താ, വാൾനട്ട്, വിറ്റാമിൻസ് ധാരാളമുള്ള പഴങ്ങൾ, കുക്കുമ്പർ, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികൾ ചേർത്ത സാലഡുകളോ ഉപയോഗിക്കാവുന്നതാണ്. സോഫ്റ്റ് ഡ്രിങ്ക്സിന് പകരം പാൽ, പഴങ്ങൾ ചേർത്തുണ്ടാക്കിയ ജ്യുസ് എന്നിവ കുടിക്കുക ഇത് നല്ല ഉറക്കം ലഭിക്കുന്നതിനും, ദഹനത്തിനും ഏറെ പ്രയോജനം ചെയ്യും.