തിരുവനന്തപുരം : വേതനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ കഴിഞ്ഞ 7 ദിവസങ്ങളായി രാപ്പകൽ സമരം ചെയ്യുന്ന ആശവർക്കർമാർക്കെതിരെ കടുത്ത ആക്ഷേപവുമായി ധനമന്ത്രി. സമരക്കാരെ ഒരു വിഭാഗം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ഇടത് സർക്കാറിനുള്ള താൽപ്പര്യമൊന്നും ഇവരെ കുത്തിയിളക്കിവിട്ടവർക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ വിമർശനം. മന്ത്രിയുടെ ആക്ഷേപം തള്ളിയ ആശ വർക്കർമാർ സമരം ശക്തമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു.
വേതന വർധനവ് അടക്കം ആവശ്യപ്പെട്ട് ഏഴാം ദിവസവും സെക്രട്ടറിയേറ്റിന് മുന്നിൽ ഇരിക്കുന്ന സമരക്കാർക്കെതിരെയാണ് ധനമന്ത്രിയുടെ ആക്ഷേപം. പാലപ്പെട്ട തൊഴാലാളികളോട് പിന്തുണയുണ്ടെന്ന് പറയുന്ന മന്ത്രി, ഓണറേറിയം കുടിശ്ശികയായതിന്‍റെ കാരണവും കേന്ദ്ര സഹായം കിട്ടാത്തിന്‍റെ മുകളിൽ ചാരുന്നു. വകുപ്പ് മന്ത്രിയും പഴിക്കുന്നത് കേന്ദ്രത്തെയാണ്. എന്നാൽ മന്ത്രിമാർ ആക്ഷേപിച്ചാൽ സമരം അവസാനിപ്പിക്കില്ലെന്നും പിന്തിരിഞ്ഞുപോകില്ലെന്നുമാണ് കേരള ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ മറുപടി.
കേരളത്തിന്‍റെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി പേരാണ് രാപ്പകൽ സമരത്തിലുള്ളത്. നിത്യവൃത്തിക്ക് പോലും ഗതിയില്ലാത്തവരായി ആശാ വർക്കർമാർ മാറിയെന്ന് സമരം ചെയ്യുന്നവർ പറയുന്നു. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഈമാസം 20ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുള്ള ആശ വർക്കർമാർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.