അമരാവതി: ബന്ധുവായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച മകനെ വെട്ടിക്കൊന്ന് അമ്മ. കെ ശ്യാം പ്രസാദ് (35) ആണ് കൊല്ലപ്പെട്ടത്. ലക്ഷ്മി ദേവി എന്ന 57കാരിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കഷ്ണങ്ങളാക്കി കനാലിൽ തള്ളുകയും ചെയ്തു. ആന്ധ്രാ പ്രദേശിലെ പ്രകാസം ജില്ലയിലാണ് സംഭവം നടന്നത്.
ബന്ധുക്കളുടെ സഹായത്തോടെയാണ് അമ്മ ലക്ഷ്മി ദേവി മകനെ കൊലപ്പെടുത്തിയതെന്ന് പ്രകാസം എസ്പി എ ആർ ദാമോദർ പറഞ്ഞു. മറ്റ് സ്ത്രീകളോട് ശ്യാം പ്രസാദ് അപമര്യാദയോടെയാണ് പെരുമാറിയിരുന്നത്. അമ്മായിമാർ ഉൾപ്പെടെയുള്ളവരെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എസ്പി പറഞ്ഞു. അവിവാഹിതനാണ് ശ്യാം പ്രസാദ്.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രസാദിനെ അമ്മ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മരണം ഉറപ്പാക്കിയതിന് ശേഷം മൃതദേഹം അഞ്ച് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി കനാലിൽ തള്ളുകയും ചെയ്തു. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.