ഓരോ ദിവസവും ചൂടു കൂടുന്നതല്ലാതെ കുറയുന്നില്ല. ശരീരത്തിനും ചർമത്തിനുമെല്ലാം ഏറ്റവും കൂടുതൽ കരുതൽ വേണ്ട കാലം കൂടിയാണ് വേനൽകാലം. ചർമത്തിന് കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ പിഗ്മെന്റേഷൻ പോലെയുള്ള പ്രശ്നങ്ങളിലേക്ക് അത് നയിക്കും. വേനലിൽ ചർമത്തിനും മുടിക്കുമെല്ലാം കൃത്യമായ പരിചരണം നൽകിയേ മതിയാവു. മേക്കപ്പ് ചെയ്യുമ്പോഴും ഏറെ ശ്രദ്ധിക്കേണ്ട കാലമാണ് വേനൽകാലം.
ത്വക്കിന് പല പ്രശ്‌നങ്ങളുമുണ്ടാകാൻ സാധ്യതയുള്ള കാലമായതിനാൽ ആഴ്‌ചയിൽ രണ്ടു തവണയെങ്കിലും ഫെയ്‌സ് മാസ്‌ക്കിടുന്നത് നല്ലതാണ്. വല്ലാതെ അഴുക്കു പിടിക്കുന്ന വരണ്ട ചർമമാണെങ്കിൽ ഹൈഡ്രേറ്റിങ് മാസ്‌ക്ക് തന്നെയിടണം. കുരു വരുന്ന തരം ചർമമാണെങ്കിൽ ടൈറ്റനിങ് മാസ്‌ക്കിടുക, ഇത് ഫംഗൽ ഇൻഫെക്‌ഷൻ ഒഴിവാക്കും.
വേനൽകാലത്ത് വിയർപ് നിൽക്കുന്നതിനാൽ തലയിൽ ചൊറിച്ചിൽ കൂടാൻ സാധ്യതയുണ്ട്. ഡീപ് മോയ്‌സ്‌ചറൈസിങ് ഷാംപൂവും കണ്ടീഷനറുമാണ് ഈ സമയത്ത് ഉപയോഗിക്കേണ്ടത്. മുടികൊഴിച്ചിലുണ്ടെങ്കിൽ സ്‌കാൽപ് ബാം നിർബന്ധമാക്കണം.
വേനൽക്കാലത്ത് ചർമപ്രശ്‌നങ്ങളെ ഏറെ സൂക്ഷിക്കണം. ചൂടുകുരു ശമിക്കാൻ വീട്ടിലിരുന്നു ചെയ്യാവുന്ന ചില കാര്യങ്ങളിതാ:
കുളി കഴിഞ്ഞ് വെള്ളം മെല്ലെ ഒപ്പിയെടുക്കുക. ശക്‌തമായി ഉരസരുത്. പിന്നാലെ പെർഫ്യൂം കലരാത്ത പൗഡർ ദേഹത്ത് തൂവുക. ചർമത്തിൽ അധികമുള്ള ഈർപ്പം അവ വലിച്ചെടുത്തോളും.
ശരീരം തണുപ്പിക്കാനായ ലാക്‌ടോകലാമിൻ ലോഷൻ പുരട്ടുക.
ഇലക്കറികൾ ധാരാളം കഴിക്കുക.
ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക. വേപ്പില അരച്ച് പുരട്ടുന്നത് ചൂടുകുരു മൂലമുള്ള ചൊറിച്ചിൽ ശമിക്കാൻ സഹായിക്കും.
മുഖക്കുരു കൂടുതലുള്ള ചിലർക്ക് പുറത്തും കഴുത്തിനു പിന്നിലും കുരുക്കൾ പ്രത്യക്ഷപ്പെടാം. മുഖത്തുപയോഗിക്കുന്ന ആന്റി പിംപിൾ പായ്‌ക്ക് തന്നെ കഴുത്തിലും പുറത്തും ഉപയോഗിക്കാം. മുഖം ഫേഷ്യൽ ചെയ്യുന്നതിനൊപ്പം കഴുത്തും പുറവും കൂടി മസാജ് ചെയ്യണം. പുറത്ത് ആവി കൊള്ളിക്കുന്നതും നല്ലതാണ്. കഴുത്തിന്റെ മടക്കുകളിലെ കറുത്ത പാടുകൾ പല കാരണങ്ങളാലും ഉണ്ടാകാം. തടിച്ച മാലകൾ സ്‌ഥിരമായി ഉപയോഗിക്കുന്നത് പ്രശ്‌നമാണ്. കുടുങ്ങിക്കിടക്കുന്ന മാലകളും ഒഴിവാക്കുക.