തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷ ഇന്ന് ആരംഭിക്കാനിരിക്കെ പല സ്കൂളുകളിലും ചോദ്യപ്പേപ്പർ എത്തിയില്ല. അച്ചടി പൂർത്തിയാവാത്തതിനാൽ പ്രതിസന്ധി ഉണ്ടായി എന്നാണ് വിശദീകരണം. ചില സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ പകുതി മാത്രം ചോദ്യപേപ്പറുകൾ എത്തിച്ചെന്നും പരാതിയുണ്ട്.
പത്താം തരത്തിലെ മോഡൽ പരീക്ഷയുടെ മോഡൽ പരീക്ഷയുടെ ആദ്യദിനമായ ഇന്നും ചോദ്യ പേപ്പർ സ്കൂളുകളിൽ ലഭിച്ചിട്ടില്ല. രാവിലെയും ഉച്ചയ്ക്കുമായി രണ്ടു പരീക്ഷകൾ ഉണ്ട്. ഭാഷാ വിഷയങ്ങളാണ് ആദ്യം. പക്ഷേ അവസാന മണിക്കൂറുകളിലും പല സ്കൂളുകളിലും ചോദ്യപേപ്പറുകൾ എത്തിയിട്ടില്ല. സാധാരണഗതിയിൽ പരീക്ഷയ്ക്ക് രണ്ടുദിവസം മുൻപ് സ്കൂളുകളിൽ ചോദ്യപേപ്പർ എത്താറുണ്ട്. പക്ഷേ ഇത്തവണ അതുണ്ടായില്ല. പരീക്ഷാ തലേന്നും ചോദ്യപേപ്പറുകൾ എത്താതായതോടെ അധ്യാപകർ ആശങ്കയിലായി.
അച്ചടി പൂർത്തിയാകാത്തത് മൂലം പ്രതിസന്ധി ഉണ്ടായി എന്നാണ് ആരോപണം. പരീക്ഷാ നടത്തിപ്പ് തകിടം മറിക്കാനുള്ള നീക്കം അംഗീകരിക്കില്ല എന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ അറിയിച്ചു. ചോദ്യപേപ്പർ എത്തിയ സ്കൂളുകളിലും പ്രതിസന്ധിയുണ്ട്. പരീക്ഷ എഴുതുന്ന കുട്ടികളുടെ പകുതി എണ്ണം ചോദ്യപേപ്പറുകൾ മാത്രമാണ് എത്തിച്ചത് എന്ന് പരാതിയുണ്ട്. ബാക്കി ചോദ്യപേപ്പറുകൾ ഫോട്ടോസ്റ്റാറ്റ് എടുത്തു നൽകാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് നിർദ്ദേശം ലഭിച്ചു എന്നും അധ്യാപകർ പറയുന്നു. 9.45 ന് ആദ്യ പരീക്ഷ തുടങ്ങും മുൻപ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.