ജറുസലം: എല്ലാ ബന്ദികളെയും ഹമാസ് വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ‘നരകത്തിന്റെ വാതിലുകൾ തുറക്കുമെന്ന്’ ബെഞ്ചമിൻ നെതന്യാഹു. ‘‘ഞങ്ങൾക്ക് ഒരു പദ്ധതിയുണ്ട്. അതിന്റെ വിശദാംശങ്ങൾ പൊതുജനങ്ങളുമായി ഇപ്പോൾ പങ്കുവയ്ക്കാൻ കഴിയില്ല. എപ്പോൾ നരകത്തിന്റെ വാതിൽ തുറക്കുമെന്നും പറയാൻ കഴിയില്ല. അവസാന ബന്ദിയെ വരെ വിട്ടയച്ചില്ലെങ്കിൽ അവ തീർച്ചയായും തുറക്കും’’ – നെതന്യാഹു പറഞ്ഞു.
‘‘ഹമാസിന്റെ സൈനിക ശേഷിയും ഗാസയിലെ ഭരണവും ഞങ്ങൾ ഇല്ലാതാക്കും. എല്ലാ ബന്ദികളെയും ഞങ്ങൾ തിരികെ കൊണ്ടുവരും. ഗാസ ഇനി ഒരിക്കലും ഇസ്രയേലിനു ഭീഷണി ഉയർത്തില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും. യുഎസിന്റെ പിന്തുണ ഈ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാൻ ഞങ്ങളെ സഹായിക്കുകയും. വ്യത്യസ്തമായ ഒരു ഭാവിയിലേക്കു നമ്മെ നയിക്കും’’ – യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള സംയുക്ത പ്രസ്താവനയിൽ നെതന്യാഹു പറഞ്ഞു.
ഹമാസിനെ ഒരു സൈനിക ശക്തിയോ സർക്കാരോ ആയി തുടരാൻ അനുവദിക്കാൻ കഴിയില്ല. അവരെ ഇല്ലാതാക്കണം. എന്നാൽ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുക എന്നതാണ് ട്രംപിന്റെ പ്രഥമ പരിഗണന എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഗാസ മുനമ്പ് ഏറ്റെടുത്ത് പുനർനിർമാണം നടത്താൻ യുഎസ് തയാറാണെന്ന് നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഗാസയെ യുഎസ് ഏറ്റെടുക്കും. അതിന്റെ പുനർനിർമാണവും നടത്തും. പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിർവീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാനും ഞങ്ങൾ തയാറാണ്. മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.