Fact Check

ക്ഷേത്രത്തില്‍ നിന്ന് മാംസം കണ്ടെത്തിയതിനെച്ചൊല്ലിയുള്ള തര്‍ക്കം; സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങളുടെ സത്യാവസ്ഥ അറിയാം

ഹൈദരാബാദിലെ ഒരു ക്ഷേത്രപരിസരത്ത് മാംസക്കഷണങ്ങള്‍ ചിതറിക്കിടക്കുന്നതായി കാണിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇത് ഒരു ഹിന്ദു ആരാധനാലയത്തിന്റെ പവിത്രതയെ തകര്‍ക്കാന്‍ മനഃപൂര്‍വം നടത്തിയ പ്രവൃത്തിയാണെന്ന് അവകാശവാദങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഫെബ്രുവരി 12 ന് പഴയ ഹൈദരാബാദിലെ തപ്പച്ചബൂത്ര പ്രദേശത്തുള്ള ജിറ ഹനുമാന്‍ ക്ഷേത്രത്തിലാണ് സംഭവം നടന്നത്.

ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍, അജ്ഞാതരായ ആളുകള്‍ ക്ഷേത്രത്തിന്റെ പിന്നില്‍ നിന്ന് അകത്തേക്ക് ചാടി ക്ഷേത്രത്തിലെ ശിവലിംഗത്തിന് സമീപം മാംസക്കഷണങ്ങള്‍ എറിഞ്ഞുവെന്ന് ആരോപിച്ചു. എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലാണ് സംഭവം നടന്നതെന്ന് മറ്റുള്ളവര്‍ എടുത്തുകാണിച്ചു. വീഡിയോ പുറത്തുവന്ന ദിവസം, തെലങ്കാനയില്‍ നിന്നുള്ള ഭാരതീയ ജനതാ പാര്‍ട്ടി എംഎല്‍എ രാജാ സിംഗ് ക്ലിപ്പ് പങ്കിട്ടു, കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലുള്ള ‘സാമൂഹ്യവിരുദ്ധര്‍’ നടത്തിയ ‘മനഃപൂര്‍വമായ പ്രകോപനപരമായ പ്രവൃത്തി’ എന്ന് വിശേഷിപ്പിച്ചു.

ടി രാജാ സിംഗ് എന്നും അറിയപ്പെടുന്ന ഈ എംഎല്‍എയ്ക്ക് മുസ്ലീം സമുദായത്തെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ചരിത്രമുണ്ടെന്ന കാര്യം ശ്രദ്ധിക്കുക . പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ഒരു വലിയ വിവാദത്തിന് ശേഷം അദ്ദേഹത്തെ ബിജെപിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു . എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രചാരകരുടെ പട്ടികയില്‍ അദ്ദേഹം ഉണ്ടായിരുന്നു, അവിടെ അദ്ദേഹം മുസ്ലീങ്ങളെ ‘ പാകിസ്ഥാനി മുള്ളോ’ എന്ന് പരാമര്‍ശിക്കുകയും അവരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഫെബ്രുവരി 12 ന് ന്യൂസ്മീറ്റര്‍ (@NewsMeter_In) എന്ന മാധ്യമം ക്ഷേത്രത്തില്‍ നിന്നുള്ള രണ്ട് ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്തു. ഒന്നില്‍ ശിവലിംഗം ഉണ്ടായിരുന്ന പ്രദേശവും മറ്റൊന്നില്‍ പോലീസ് ഉള്‍പ്പെടെയുള്ള വ്യക്തികള്‍ പരിസരത്ത് തടിച്ചുകൂടിയിരിക്കുന്നതും കാണിച്ചു. ചിലര്‍ ക്ഷേത്രത്തിനുള്ളില്‍ മാംസക്കഷണങ്ങള്‍ എറിഞ്ഞതായി ആരോപിക്കപ്പെടുന്നതായി അടിക്കുറിപ്പ് ഉണ്ടായിരുന്നു.

മറ്റൊരു എക്‌സ് ഉപയോക്താവ്, ടൈംസ് നൗ ജേണലിസ്റ്റ് ആണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട @YakkatiSowmith, ശിവലിംഗവും മാംസവും കാണിക്കുന്ന അതേ ക്ലിപ്പ് പങ്കിട്ടു, ‘അജ്ഞാതരായ ആളുകള്‍ പിന്നില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ചാടി ശിവലിംഗത്തിന് സമീപം മാംസക്കഷണം എറിഞ്ഞു’ എന്ന് പറഞ്ഞു. സമാനമായ അവകാശവാദങ്ങള്‍ നിരവധി പേര്‍ നടത്തിയതായി കണ്ടെത്താന്‍ സാധിച്ചു.

എന്താണ് സത്യാവസ്ഥ?

സോഷ്യല്‍ മീഡിയ പോസ്റ്റിലെ അവകാശവാദങ്ങള്‍ പരിശോധിക്കുന്നതിനായി, ആദ്യം ഒരു കീവേഡ് സെര്‍ച്ച് നടത്തി, അത് സംഭവത്തെക്കുറിച്ചുള്ള നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകളിലേക്ക് ഞങ്ങളെ നയിച്ചു. ഫെബ്രുവരി 12 ന് ഉച്ചയ്ക്ക് 2 മണിയോടെ ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ , പോലീസ് അന്വേഷണം ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട സൗത്ത്-വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ചന്ദ്ര മോഹന്‍ പറയുന്നതനുസരിച്ച്, ക്ഷേത്രത്തിന്റെ എല്ലാ വാതിലുകളും പൂട്ടിയിരുന്നതിനാല്‍, മാംസക്കഷണങ്ങള്‍ ഒരു മൃഗം പരിസരത്തേക്ക് കൊണ്ടുവന്നതായിരിക്കാമെന്ന് പറഞ്ഞു.

എന്നിരുന്നാലും, അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ബിജെപി എംഎല്‍എ രാജാ സിംഗ് ഈ സിദ്ധാന്തം തള്ളിക്കളഞ്ഞു. ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫെബ്രുവരി 12 ന് രാത്രി 8:30 ഓടെ തപ്പച്ചബുത്ര ഏരിയ പോലീസ് ഒരു എക്‌സ് പോസ്റ്റില്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഒരു പ്രസ് നോട്ടും വീഡിയോ പ്രസ്താവനയും കുറ്റവാളിയെ വെളിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളും പങ്കിട്ടു.

ക്ഷേത്രത്തിന്റെ വടക്ക് ദര്‍ശനമുള്ള ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ ഒരു പൂച്ച വായില്‍ മാംസക്കഷണം ചുമന്ന് ക്ഷേത്രപരിസരത്തേക്ക് പ്രവേശിക്കുന്നത് വ്യക്തമായി കാണാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അവര്‍ പത്രക്കുറിപ്പില്‍ നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചു. ഫെബ്രുവരി 11 രാത്രി മുതല്‍ ഫെബ്രുവരി 12 രാവിലെ വരെ ആരും ക്ഷേത്രത്തില്‍ പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ പ്രദേശം മുഴുവന്‍ സ്ഥിതി ചെയ്യുന്ന 17 സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചതായി അതേ ദിവസം രാത്രി 11:04 ഓടെ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നു.

അങ്ങനെയാണ് ഇറച്ചി കഷ്ണം ക്ഷേത്രത്തിന് സമീപം കൊണ്ടു വന്നത് പൂച്ചയണെന്ന് കണ്ടെത്തി. അതിനാല്‍, ഹിന്ദു ക്ഷേത്രം മനഃപൂര്‍വ്വം അശുദ്ധമാക്കിയെന്നും അജ്ഞാതരായ വ്യക്തികള്‍ പരിസരത്തേക്ക് മാംസം എറിഞ്ഞു എന്നുമുള്ള കിംവദന്തികള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണ്, പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Latest News