വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന രാപ്പകൽ സമരം ഒൻപതാം ദിവസത്തിലേക്ക്. അതേസമയം, നിയമവിരുദ്ധമായ സമരം ഉടൻ നിർത്തണമെന്നാവശ്യപ്പെട്ട് കന്റോൺമെന്റ് പോലീസ് ഇന്നലെ നൽകിയ നോട്ടീസ് സമരക്കാർ തള്ളി. അഞ്ച് നേതാക്കളോട് ഉടൻ ഹാജരാകാൻ ആവശ്യപ്പെട്ട നോട്ടീസ് തള്ളിയ സമരസമിതി പ്രതിഷേധം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ മഹാ സംഗമം സംഘടിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. സംസ്ഥാനത്തെ മുഴുവൻ ആശാപ്രവർത്തകരോടും എത്താൻ നിർദ്ദേശമുണ്ട്. ആവശ്യങ്ങൾ നേടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ. സംസ്ഥാനത്തെ ആശാവർക്കർമാർക്കാണ് ഏറ്റവും കൂടുതൽ വേതനമെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. എന്നാല്‍ ഈ വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് സമരം ചെയ്യുന്ന ആശ വർക്കർമാർ രംഗത്തെത്തിയിരിക്കുന്നത്.
അധിക്ഷേപങ്ങൾക്കും അവകാശവാദങ്ങൾക്കും മുന്നിൽ കുലുങ്ങാതെയാണ് സെക്രട്ടറിയേറ്രിന് മുന്നിൽ ആശാവർക്കർമാരുടെ രാപ്പകൽ സമരം. വീണ ജോർജ് പറഞ്ഞ 13200 രൂപ പ്രതിമാസ വേതനം ഒരിക്കൽപ്പോലും കിട്ടിയിട്ടില്ലെന്നാണ് സമരക്കാരുടെ വിശദീകരണം. ആരോ സമരക്കാരെ ഇളക്കിവിട്ടെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി ആക്ഷേപിച്ചപ്പോൾ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്നവരാണ് കേരളത്തിലെ ആശാവർക്കർമാരെന്നായിരുന്നു മന്ത്രി വീണ ജോർജിന്റെ വാദം.
STORY HIGHLIGHT: asha workers strike into ninth day