Sports

ഇന്ത്യന്‍ ടീമില്‍ ക്ഷണം പ്രതീക്ഷിച്ച് കാത്തിരുന്ന എന്നെ വിളിച്ചത് കമന്ററി പറയാന്‍; അജിന്‍ക്യ രഹാനെ | Ajinkya Rahane

ടീമില്‍ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു ക്ഷണമെന്നും രഹാനെ പറഞ്ഞു

മുംബൈ: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ കമന്ററി പറയാനായി ക്ഷണം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു ക്ഷണമെന്നും രഹാനെ പറഞ്ഞു.

‘ഇനിയും കളി തുടരാനാകുമെന്ന് ഉറപ്പുള്ളതിനാലാണ് കമന്ററി പറയാനുള്ള ക്ഷണം നിരസിച്ചത്. വന്‍തുക പ്രതിഫലമായി വാഗ്ദാനം ചെയ്‌തെങ്കിലും, ആ ഓഫര്‍ താന്‍ സ്വീകരിച്ചില്ലെന്ന്’ രഹാനെ വ്യക്തമാക്കി. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നും കമന്ററി ജോലി പിന്നീടും ചെയ്യാമല്ലോയെന്നും രഹാനെ പറഞ്ഞു.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനു ശേഷം ഇന്ത്യന്‍ ടീമില്‍നിന്ന് തഴഞ്ഞതുമായി ബന്ധപ്പെട്ട് സിലക്ടര്‍മാര്‍ തന്നോട് ഇതുവരെ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ലെന്നും രഹാനെ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത രഹാനെയെ, പിന്നീട് നടന്ന വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കു പിന്നാലെ ടീമില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാനുള്ള അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ പുതിയ സിലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിന്റെ തുടര്‍ച്ചയായിരുന്നു രഹാനെയുടെ പുറത്താകല്‍.

ഇപ്പോഴും ഇന്ത്യയ്ക്കു വേണ്ടി കളിക്കണമെന്നു തന്നെയാണ് തന്റെ ആഗ്രഹമെന്ന് രഹാനെ പറഞ്ഞു. മുംബൈയെ രഞ്ജി ട്രോഫി സെമിയിലെത്തിച്ച രഹാനെ, അടുത്ത രണ്ടു മത്സരങ്ങള്‍ക്കൊണ്ട് സിലക്ടര്‍മാരുടെ ശ്രദ്ധ നേടാനാകുമെന്ന വിശ്വാസത്തിലാണ്. രഹാനെ പറഞ്ഞു.

content highlight: Ajinkya Rahane