ജെറുസലം: തെക്കൻ ലബനനിൽ ഇന്നലെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ലബനനിലെ ഹമാസിന്റെ തലവൻ മുഹമ്മദ് ഷഹീൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ അവകാശപ്പെട്ടു. സ്ഫോടനത്തിൽ കത്തുന്ന ഒരു കാറിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഇസ്രയേൽ–ഹിസ്ബുല്ല വെടിനിർത്തൽ കരാറിന്റെ ഭാഗമായി തെക്കൻ ലബനനിൽനിന്ന് ഇസ്രയേൽ പിന്മാറുന്നതിനുള്ള അവസാന ദിവസം ഇന്നാണ്. വെടിനിർത്തൽ കരാർ ഉണ്ടെങ്കിലും തെക്ക്, പടിഞ്ഞാറ് ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം അവസാനിപ്പിച്ചിരുന്നില്ല. സിദനിലെ മുനിസിപ്പൽ സ്പോർട്സ് സ്റ്റേഡിയത്തിനു സമീപമുള്ള സൈനിക ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് ഷഹീനു നേരെ ആക്രമണമുണ്ടായത്. ഇറാന്റെ ഒത്താശയോടെ ഇസ്രയേൽ പൗരന്മാർക്കെതിരെ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി ഇസ്രയേൽ ആരോപിച്ചു.