Celebrities

ചുംബന വിവാദം; പൊതുവേദിയില്‍ എത്തിയ ഗായകന്‍ ഉദിത് നാരായണന് നേരെ പരിഹാസം | Udhith Narayan

ഫോട്ടോയ്ക്കു പോസ് ചെയ്യവെ 'സര്‍ നമുക്കൊന്ന് ചുംബിച്ചാലോ' എന്നാണ് ചിലര്‍ ചോദിച്ചത്

ചുംബന വിവാദത്തിന് ശേഷം ആദ്യമായി പൊതുവേദിയില്‍ എത്തിയ ഗായകന്‍ ഉദിത് നാരായണന് പരിഹാസം. ‘ദ് റോഷന്‍സ്’ എന്ന ഡോക്യുമെന്ററി സീരീസിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഫോട്ടോയ്ക്കു പോസ് ചെയ്യവെ ‘സര്‍ നമുക്കൊന്ന് ചുംബിച്ചാലോ’ എന്നാണ് ചിലര്‍ ചോദിച്ചത്. എന്നാല്‍ ഒന്നും പറയാതെ ചിരിച്ചുകൊണ്ട് ഉദിത് നാരായണ്‍ മടങ്ങി.

സംഭവത്തിന്റെ വിഡിയോ വൈറലായതോടെ നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ഉദിത് നാരായണനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ വിമര്‍ശനങ്ങള്‍ പരിധി കടക്കരുത് എന്നും ചിലര്‍ പ്രതികരിച്ചു.

ആഴ്ചകള്‍ക്കു മുന്‍പായിരുന്നു ഗായകനെ വിവാദത്തിലാക്കിയ സംഭവം നടന്നത്. ലൈവ് സംഗീതപരിപാടിക്കിടെ സെല്‍ഫിയെടുക്കാനെത്തിയ സ്ത്രീയെ അവരുടെ അനുവാദം കൂടാതെ ഉദിത് ചുംബിക്കുകയായിരുന്നു. സംഭവം ചര്‍ച്ചയായതോടെ ഗായകന്റെ ചില പഴയ വിഡിയോകളും പുറത്തുവന്നു. മുന്‍നിരഗായികമാരായ ശ്രേയ ഘോഷാല്‍, അല്‍ക്ക യാഗ്‌നിക് തുടങ്ങിയവരെ ഉദിത് നാരായണ്‍ ചുംബിക്കുന്ന രംഗങ്ങളായിരുന്നു അവ.

വിഷയത്തില്‍ വിശദീകരണവുമായി ഉദിത് നാരായണ്‍ രംഗത്തെത്തിയിരുന്നു. ഗായകര്‍ മാന്യതയോടെ പെരുമാറുന്ന ആളുകളാണെന്നും ആരാധകരുടെ സ്‌നേഹപ്രകടനത്തെ പെരുപ്പിച്ചു കാണിക്കേണ്ട ആവശ്യമില്ലെന്നും ചിലപ്പോള്‍ അവര്‍ ഉന്മാദികളെപ്പോലെയാണെന്നും ഉദിത് പ്രതികരിച്ചു. പലപ്പോഴും ഗായകര്‍ ചില സ്‌നേഹപ്രകടനങ്ങള്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. അതിന്റെ പേരില്‍ ഇത്രവലിയ വിവാദം ഉണ്ടാക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും ഗായകന്‍ ചോദിച്ചു.

content highlight: Udhith Narayan