സംസ്ഥാനത്തെ യുവ വോട്ടര്‍മാര്‍ക്കിടയില്‍ വോട്ട് ചെയ്യുന്നതിനുള്ള വിമുഖത നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതിനായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സര്‍വ്വേ ആരംഭിച്ചു. പ്രധാനമായും 18 വയസ്സിനും 30 വയസ്സിനുമിടയില്‍ പ്രായമുള്ളവരില്‍ നിന്നുള്ള വിവര ശേഖരണമാണ് സര്‍വ്വേ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാറുണ്ടോ, ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് പങ്കെടുക്കാത്തത്, തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. രാജ്യത്താകമാനം യുവാക്കളുടെ വോട്ടിങ് ശതമാനം കുറയുന്നു എന്ന അനൗദ്യോഗിക കണക്കുകള്‍ പുറത്തു വരുമ്പോഴും,ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ഇത്തരമൊരു സര്‍വ്വേ നടത്തുന്നത്. സംസ്ഥാനത്ത് 44 ലക്ഷത്തോളം യുവ വോട്ടര്‍മാര്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ യുവാക്കള്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്നതിനുള്ള പ്രചോദനമായും സര്‍വ്വേ മാറുമെന്നാണ് പ്രതീക്ഷ. സ്‌കൂള്‍-കോളേജ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബു(ELCs)കളിലൂടെയും, വിവിധ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും സര്‍വ്വേയില്‍ പങ്കെടുക്കാന്‍ കഴിയും. ആദ്യ ദിവസങ്ങളില്‍ തന്നെ സര്‍വ്വേയ്ക്കു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സര്‍വ്വേയില്‍ പങ്കെടുക്കുന്നതിനായി മുകളിൽ കൊടുത്തിട്ടുള്ള ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.