വയനാട് കമ്പമലയോട് ചേർന്ന് വീണ്ടും തീപിടുത്തം. കൽക്കോട്ട മലയിലെ രണ്ട് സ്ഥലങ്ങളിലും നരിനിരങ്ങി മലയിലും ആണ് തീപിടുത്തം ഉണ്ടായത്. ആരെങ്കിലും തീ ഇട്ടതാകാനാണ് സാധ്യതയെന്നും വയനാട് ഡി എഫ് ഒ മാർട്ടിൻ ലോവൽ പറഞ്ഞു. ഇന്നലെ മാത്രം തീപിടുത്തത്തിൽ കത്തി നശിച്ചത് 12 ഹെക്ടറോളം പുൽമേട് ആണ്.
വൈകുന്നേരത്തോടെ തീ അണച്ചെങ്കിലും ഇന്ന് വീണ്ടും തീപിടുത്തം ഉണ്ടാവുകയായിരുന്നു. കാട്ടുതീയാണെന്നായിരുന്നു ഇന്നലെ ഉള്ള നിഗമനം. എന്നാൽ സ്വാഭാവികമായ തീപിടുത്തം അല്ലെന്നാണ് വനംവകുപ്പിന്റെ നിഗമനം. കൽക്കോട്ട മലയിൽ ആദ്യം തീ ഉണ്ടായ ഭാഗത്ത് നിയന്ത്രണ വിധേയമാക്കാൻ വനം വകുപ്പിനും ഫയർഫോഴ്സ് സംഘത്തിന് കഴിഞ്ഞിരുന്നു.
എന്നാൽ നരിനിറങ്ങി മലയിലും പിന്നാലെ തീപിടുത്തം ഉണ്ടാവുകയായിരുന്നു. പ്രദേശത്തെ കാറ്റും തീ വ്യാപിക്കുന്നതിന് കാരണമായിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചൂടുകാലത്ത് തീപിടുത്തം കൂടി ഉണ്ടായതോടെ മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് കൂട്ടമായി ഇറങ്ങുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
STORY HIGHLIGHT: Fire still burning in kambamala