ഭാവിയില്‍ പ്രണയവിവാഹമുണ്ടാകുമെന്നും അതിന് ചില തടസ്സങ്ങളുണ്ടെന്നും പരിഹാരത്തിന് ചില പൂജകള്‍ ചെയ്യണമെന്നും പറഞ്ഞ് പറ്റിച്ച് യുവതിയില്‍ ആറ് ലക്ഷം രൂപ തട്ടി ഇൻസ്റ്റഗ്രാം ജ്യോത്സ്യൻ. ബെംഗളൂരുവിലെ വിനയ്കുമാറെന്ന ജ്യോത്സനാണ് യുവതിയില്‍നിന്ന് പണം തട്ടി മുങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജ്യോതിഷ വിദഗ്ധനെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഇയാളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ. വിനയ്കുമാര്‍ എന്ന് പരിചയപ്പെടുത്തിയ ജ്യോത്സ്യന് മൊബൈല്‍ നമ്പർ നൽകി ജന്മ നക്ഷത്രവും നാളും മെസ്സേജ് അയക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചുകൊടുത്തെങ്കിലും ഇത് പരിശോധിച്ച ശേഷം ചില ദോഷമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.
പരിഹാരമായി ചില പൂജകൾക്കായി ആദ്യം 1820 രൂപയാണ് ആവശ്യപ്പെട്ടത്. വലിയ തുകയല്ലാത്തതിനാല്‍ മടികൂടാതെ അയച്ചുകൊടുക്കുകയും ചെയ്തു. ഇതിന് ശേഷം മറ്റ് വിവിധ ദോഷങ്ങള്‍ ചൂണ്ടിക്കാട്ടി ആറ് ലക്ഷത്തോളം യുവതിയിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പാണെന്ന് മനസ്സിലായി പണം തിരിച്ചുചോദിച്ചതോടെ 13000 രൂപ തിരിച്ചു കൊടുത്തു. ഇനിയും പണം തിരികെ നൽകാൻ ആവശ്യപ്പെട്ടാൽ പേരെഴുതിവെച്ച് ആത്മഹത്യ ചെയ്യുമെന്നും ജ്യോത്സ്യൻ ഭീഷണിപ്പെടുത്തിയെന്നും യുവതി നല്കിയ പരാതിയിൽ പറയുന്നു.
STORY HIGHLIGHT: astrologer cheats woman