കോഴിക്കോട്: മനുഷ്യ – വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ രൂപീകരിച്ച ദ്രുതകർമസേനയെ (ആർആർടി) ശക്തിപ്പെടുത്താൻ അടിയന്തരമായി 3 കോടി രൂപ അനുവദിക്കാനുള്ള ശുപാർശ വനം വകുപ്പ് ദുരന്ത നിവാരണ അതോറിറ്റിക്കു സമർപ്പിച്ചു. വേണ്ടത്ര ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും കുറവു സേനയ്ക്കു പ്രശ്നമാകുന്നതായി പരാതിയുണ്ടായിരുന്നു. 28 ൽ 20 ആർആർടികളിലും ചുമതല വഹിക്കാൻ ഡപ്യൂട്ടി റേഞ്ചർമാർ ഇല്ലെന്നതിനു പുറമെയായിരുന്നു ഉപകരണക്ഷാമം.
പുതുതായി രൂപീകരിച്ച ആർആർടികളിൽ പാമ്പിനെ പിടിക്കാനുള്ള ഉപകരണങ്ങൾ മാത്രമാണുള്ളത്. അതുവച്ചു നേരിടേണ്ടതാകട്ടെ ആനയെയും കടുവയെയും. നോർത്ത് വയനാട്, ആറളം പോലെ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആർആർടികളുടെ മാതൃകയിൽ മറ്റിടങ്ങളിലും ടൂൾ റൂമുകൾ സജ്ജീകരിക്കണമെന്നാണു വനം വകുപ്പിന്റെ ആവശ്യം. ഒരു ആർആർടിക്ക് 10 ലക്ഷം രൂപ വീതം 2.8 കോടി രൂപയും തുടർ പരിശീലനങ്ങൾക്കും മറ്റുമായി 20 ലക്ഷവുമാണു കണക്കാക്കുന്നത്. റയട്ട് ഷീൽഡ്, ടോർച്ച്, ബൈനോക്കുലർ, രാത്രിയിലും ഉപയോഗിക്കാവുന്ന ക്യാമറ, മൃഗങ്ങളെ പിടിക്കാൻ കഴിയുന്ന വിവിധ തരം കൂടുകൾ, ബോർ ആക്‌ഷൻ തോക്ക്, 0.315 റൈഫിൾ തുടങ്ങി വിവിധ ഉപകരണങ്ങളുടെ പട്ടികയാണു വനം വകുപ്പ് സമർപ്പിച്ചിരിക്കുന്നത്.