തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണശാല, സ്വകാര്യ സർവകലാശാല വിവാദങ്ങൾക്കിടെ എൽഡിഎഫ് യോഗം ഇന്ന് ചേരും. വൈകിട്ട് സിപിഐ ആസ്ഥാനമായ എം. എൻ സ്മാരകത്തിലാണ് യോഗം ചേരുന്നത്. സിപിഐ മന്ത്രിമാർ ഉൾപ്പെടുന്ന മന്ത്രിസഭായോഗം അനുമതി നൽകിയ മദ്യനിർമാണ ശാലക്കെതിരെ അവർ തന്നെ എതിർപ്പുന്നയിച്ചതിൽ മുഖ്യമന്ത്രി അടക്കമുള്ളവർ സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാകും. സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ എൽഡിഎഫിൽ ചർച്ച ചെയ്യുന്നില്ല എന്ന വിമർശനം ഘടകകക്ഷികൾക്കുമുണ്ട്.
ഇന്നത്തെ ഇടതുമുന്നണി യോഗത്തിന് ചില പ്രത്യേകതകൾ ഉണ്ട്. വർഷങ്ങൾക്ക് ശേഷം സിപിഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ നടക്കുന്ന യോഗം. അതും മന്ത്രിസഭ എടുത്ത തീരുമാനങ്ങളിൽ സിപിഐ വിയോജിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെ ചേരുന്ന എൽഡിഎഫ് യോഗം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണശാലയുമായി ബന്ധപ്പെട്ട വിവാദം. സിപിഐയുടെ നാലു മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭായോഗമാണ് മദ്യനിർമാണശാലയ്ക്ക് അനുമതി നൽകിയത്. എന്നാൽ നേതൃയോഗം ചേർന്നപ്പോൾ സിപിഐ ഇടഞ്ഞു. ജലചൂഷണം നടക്കുന്ന പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന നിലപാടിലേക്ക് എത്തിച്ചേർന്നു.
സ്വകാര്യ സർവകലാശാലയ്ക്ക് സിപിഐ മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭായോഗം അനുമതി നൽകി. മന്ത്രിസഭാ യോഗത്തിൽ സിപിഐയുടെ എതിർപ്പ് അവരുടെ മന്ത്രിമാർ തന്നെ വ്യക്തമായി. ടോൾ പിരിക്കേണ്ട എന്ന ഇടതുമുന്നണിയുടെ പൊതു നിലപാടിൽ നിന്ന് വ്യത്യസ്തമായി കിഫ്ബി നിർമ്മിച്ച റോഡുകളിൽ നിന്ന് ടോൾ ഈടാക്കാൻ തീരുമാനിക്കുന്നു. അങ്ങനെ നിരവധി വിവാദങ്ങൾക്കിടയാണ് എൽഡിഎഫ് യോഗം ഇന്ന് ചേരുന്നത്. തങ്ങളുടെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ വച്ച് സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും മുഖത്ത് നോക്കി എതിർപ്പുകൾ പറയാൻ സിപിഐ തയാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ഘടകകക്ഷികളുമായി ആലോചിക്കുന്നില്ല എന്ന വിമർശനം ആർജെഡി യോഗത്തിൽ ഉന്നയിക്കും.