പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ഹണി റോസ്. ഓർത്ത് വയ്ക്കാൻ കഴിയുന്ന നിരവധി കഥാപാത്രങ്ങളെ താരം സമ്മാനിച്ചിട്ടുണ്ട്. പലപ്പോഴും സൈബറിടങ്ങളിൽ ആക്രമണം നേരിടുന്ന ഓരാൾ കൂടിയാണ് ഹണി റോസ്, അതും വസ്ത്രധാരണത്തിന്റെ പേരിൽ. പല ഉദ്ഘാടനങ്ങളിലും താരമെത്തുമ്പോൾ ധരിക്കുന്ന വസ്ത്രം ആളുകൾ ചർച്ച ചെയ്യാറുണ്ട്. എന്നാൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ അവർ പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ പ്രത്യേക ഡ്രസ്കോഡ് വച്ച് ഒരാൾക്കും ഇവിടെ ജീവിക്കാൻ കഴിയില്ലെന്ന് പറയുകയാണ് ഹണി റോസ്. ക്ഷമയുടെ നെല്ലിപ്പലക കണ്ടതോടെയാണ് ഇതിങ്ങനെ പോയാല്‍ ശരിയാകില്ല എന്ന തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു.
ആളൊരു പാവം കുട്ടിയാണെന്നു തോന്നിക്കഴിഞ്ഞാൽ പലരും തലയിൽക്കയറി നിരങ്ങും. നേരത്തെ തന്നെ കേസിനു പോയിരുന്നെങ്കിൽ ഈ അടുത്ത് ഇത്രയും വിഷയങ്ങൾ ഉണ്ടാകില്ലായിരുന്നു എന്നും താരം പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലാണ് ഹണി റോസിന്റെ പരാമർശം.
“പോസ്റ്റ് കോവിഡിന്റെ കാലഘട്ടത്തിൽ ഇത്രയേറെ സൈബർ ആക്രമണം നേരിട്ട മറ്റൊരാളുണ്ടോ എന്ന് സംശയമാണ്. അത്രയേറെ അനുഭവിച്ചു. എന്റെ ശരീരഭാഗങ്ങൾ വരെ പരാമർശിച്ചുകൊണ്ടുള്ള മോശമായ കാര്യങ്ങളാണ് കണ്ടുകൊണ്ടിരുന്നത്. പൊതുവെ സമാധാനം ഇഷ്ടപ്പെടുന്ന, ഒതുങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളായതുകൊണ്ട് പ്രശ്നത്തിലേക്കോ ബഹളത്തിലേക്കോ പോകേണ്ട എന്നു വിചാരിച്ച് മുന്നോട്ടുപോകുകയായിരുന്നു. എന്നാൽ ക്ഷമയുടെ നെല്ലിപ്പലക കണ്ടതോടെ ഇതിങ്ങനെ പോയാല്‍ ശരിയാകില്ല എന്ന തീരുമാനമെടുത്തു.
ഇത് ഞാൻ മാത്രം തുടങ്ങി വച്ച പോരാട്ടമല്ല, ഈ വിഷയത്തെക്കുറിച്ച് കുറേ ആളുകൾ ഇതിനു മുമ്പും സംസാരിച്ചിട്ടുണ്ട്. അപ്പനായാലും അമ്മയാലും എനിക്ക് എപ്പോഴും ശക്തമായ പിന്തുണയുണ്ടായിരുന്നു. എന്നെ സ്നേഹിക്കുന്ന ആളുകളും അത്രയും ശക്തമായിട്ടാണ് എന്നോട് ചേര്‍ന്നു നില്‍ക്കുന്നത്. അവരുടെ ഭാഗത്ത് നിന്ന് സ്ഥിരം വഴക്കു കേട്ടിരുന്ന കാര്യമായിരുന്നു, ഞാന്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ ഒന്നും പ്രതികരിക്കുന്നില്ല എന്നത്.
പക്ഷേ നമ്മളൊരു കാര്യം പുറത്തേക്ക് പറഞ്ഞാല്‍ അതുണ്ടാക്കാവുന്ന പ്രശ്നവും ബഹളവും നമുക്ക് അറിയാവുന്നതാണ്. അതിന്‍റെ പേരില്‍ ഇനി വരുന്നത് എന്തായിരിക്കും എന്ന ചിന്ത ഉള്ളതുകൊണ്ടാണ് മാക്സിമം മാറി നിന്നത്. പിന്നെ ഇത് ഒരിടത്ത് തുടങ്ങിയാല്‍ ഒരിടം കൊണ്ട് അവസാനിക്കുന്ന കാര്യമല്ല. പരാതി കൊണ്ട് ഞാന്‍ മുന്നോട്ട് വരുമ്പോഴും ഇതിന് ഒരു അറുതിയൊന്നും വന്നിട്ടില്ല. ഇത് എങ്ങനെ അവസാനിപ്പിക്കും എന്നും അറിയില്ല. ഇതിന് ഒരു നിയമനിര്‍മാണം വേണ്ടി വന്നേക്കാം. അങ്ങനെ ഒരു നിയമമുണ്ടെങ്കിലേ മാറ്റം വരികയുള്ളൂ.
ആളൊരു പാവം കുട്ടിയാണെന്നു തോന്നിക്കഴിഞ്ഞാൽ പലരും തലയിൽക്കയറി നിരങ്ങും. നേരത്തെ തന്നെ കേസിനു പോയിരുന്നെങ്കിൽ ഈ അടുത്ത് ഇത്രയും വിഷയങ്ങൾ ഉണ്ടാകില്ലായിരുന്നു. ‘അമ്മ’ സംഘടനയിൽ നിന്നും, രാഷ്ട്രീയക്കാരിൽ നിന്നുമൊക്കെ പിന്തുണ കിട്ടി. മാത്രല്ല ജനങ്ങളിൽ നിന്നും ഒരുപാട് പിന്തുണയും സ്നേഹവും ലഭിച്ചു.
ഞാൻ ഈ അനുഭവിക്കുന്ന പ്രശ്നം സിനിമയിൽ നിന്നല്ല, സമൂഹത്തിൽ നിന്നും വരുന്നതാണ്. അഭിനേതാവ് ആയതുകൊണ്ട് ഞാൻ മാത്രമല്ല, പല മേഖലകളിലുള്ള ആളുകൾ ഇങ്ങനെയുള്ള ആക്രമണങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ട്. എനിക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ഇതിനെ നേരിടണം എന്ന തീരുമാനമെടുത്തത്. മനസമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാനുള്ള എല്ലാ സാഹചര്യവും എനിക്കുണ്ട്. എന്നിട്ടുപോലും മനസ്സിന് ഭയങ്കര ബുദ്ധിമുട്ട്, ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വരുന്നു, ഇതിന്റെ കാരണം എന്തെന്ന് മനസ്സിലാകുന്നില്ല. ഇതെല്ലാം നമ്മളെ ബാധിക്കുന്നു എന്നത് റിയാലിറ്റിയാണ്. മാനസികമായി ഭയങ്കര ബുദ്ധിമുട്ട് അനുഭവിച്ചു, ആ സമയങ്ങളിൽ മെന്റൽ സ്ട്രെസും ഭയങ്കരമായിരുന്നു. പുറത്തുകാണുമ്പോൾ എന്നെ ചിരിച്ച മുഖവുമായി നിങ്ങൾ കാണുമെങ്കിലും നിങ്ങൾ അറിയാത്തൊരു ബുദ്ധിമുട്ട് മാറി നിന്ന് നേരിടുന്നുണ്ടെന്നത് റിയാലിറ്റിയായിരുന്നു.
കുറച്ച് ഉത്കണ്ഠ കൂടുതലുള്ള ആളാണ് ഞാൻ. പക്ഷേ ഉള്ളിലൊരു പോരാളി കൂടി ഉണ്ട്. അവസാനം ഇതിനെതിരെ പോരാടാൻ തീരുമാനിച്ചപ്പോൾ മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കിവച്ചതുപോലെയായിരുന്നു. ആ മെന്റൽ സ്ട്രെസ് ഇപ്പോഴും ഉള്ളിൽ തന്നെയുണ്ട്. ഒരു വാക്കുകൊണ്ട് പോലും ആരെയും ഉപദ്രവിക്കണമെന്ന് ആഗ്രഹമില്ലാത്ത ആളാണ് ഞാൻ. നിവർത്തികേടുകൊണ്ട് മുന്നോട്ടുപോയതാണ്. കേസിലെ നടപടികളിൽ പ്രത്യേകിച്ച് സന്തോഷവുമില്ല. ഒരു മുന്നറിയിപ്പ് കൊടുക്കുക എന്നതു മാത്രമായിരുന്നു ചിന്ത” എന്നുമാണ് ഹണി റോസ് പറഞ്ഞത്.
content highlight: Honey Rose