Recipe

അസാധ്യ രുചിയിൽ മൂന്നു നേരവും വയറു നിറയെ ചോറുണ്ണാൻ ഈയൊരു ഒറ്റ കറി മാത്രം മതി

ചേരുവകൾ

തേങ്ങ – അര മുറി
ഉണക്ക മുളക് – 5 എണ്ണം
ചെറിയുള്ളി – 2 എണ്ണം
മല്ലി – 1/2 ടീസ്‌പൂൺ
ഉലുവ പൊടിച്ചത് – 2 നുള്ള്
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
പുളി – ഒരു ചെറിയ കഷണം
വെള്ളം – ആവശ്യത്തിന്
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ചെറിയുള്ളി – 4-5 എണ്ണം
കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് അര മുറിയോളം തേങ്ങ ചിരവിയതും 5 ഉണക്ക മുളകും രണ്ട് ചെറിയ ഉള്ളിയും അര ടീസ്പൂൺ മല്ലിയും രണ്ടു നുള്ള് ഉലുവ പൊടിച്ചതും ചേർത്തു കൊടുക്കണം. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ചെറിയ കഷണം പുളിയും ആവശ്യത്തിന് വെള്ളവും കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. വെള്ളം കുറച്ച് ചേർത്ത് വേണം ഇത് അരച്ചെടുക്കാൻ അരച്ചെടുത്ത അരപ്പ് ഒരു മൺചട്ടിയെടുത്ത് അതിലേക്ക് ചേർത്തു കൊടുക്കണം. ശേഷം കുറച്ചുകൂടെ വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം. നല്ല കുറുകിയ ചാറോടെയാണ് ഈ കറി കിട്ടേണ്ടത്. ശേഷം ഈ മൺചട്ടി അടുപ്പിൽ വച്ച് നന്നായി ചൂടാക്കി കറി തിളക്കുന്നതിന് മുമ്പായി തീ ഓഫ് ചെയ്യണം. ഇത് കുറഞ്ഞ തീയിൽ വെച്ച് വേണം ചൂടാക്കി എടുക്കേണ്ടത്. ഈ സമയം ഇതിലേക്ക് ആവശ്യമായ ഉപ്പുകൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കണം. അടുത്തതായി ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കണം. ശേഷം ഇതിലേക്ക് അര ടീസ്പൂൺ കടുകും അഞ്ചു ചെറിയ ഉള്ളി ചെറുതായി അരിഞ്ഞെടുത്തതും ആവശ്യത്തിന് കറിവേപ്പിലയും കൂടെ ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കണം. ശേഷം ഈ കൂട്ട് കറിയിലേക്ക് ചേർത്തിളക്കിയാൽ വളരെ രുചികരമായ ഈ കറി തയ്യാർ.