കേരളത്തിലെ സ്ത്രീ സമരശക്തി എന്താണെന്നു ബോധ്യപ്പെടുത്തിയ സമരമാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ കഴിഞ്ഞ പത്തു ദിവസമായി ആശ വര്‍ക്കര്‍മാര്‍ നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ളതാണ് ആശ വര്‍ക്കര്‍മാരുടെ സമരം. ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ജോലി ചെയ്താല്‍ മതിയെന്ന ഉറപ്പാണ് 18 വര്‍ഷം മുന്‍പ് ആശ വര്‍ക്കര്‍മാരോടു സർക്കാർ പറഞ്ഞതെങ്കിലും ഇപ്പോള്‍ 16 മണിക്കൂറിലധികം ജോലി ചെയ്യേണ്ട അവസ്ഥയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
‘അനാവശ്യമായ സമരമാണെന്നു പറഞ്ഞ ആരോഗ്യമന്ത്രി ആവശ്യവും അനാവശ്യവും എന്താണെന്ന് ആദ്യം തിരിച്ചറിയണം. ആശാ വര്‍ക്കര്‍മാരെ കുറിച്ച് അഭിമാനത്തോടെ പറയേണ്ട മന്ത്രിയാണ് അനാവശ്യ സമരമെന്നു പറഞ്ഞത്. കുത്തിയിളക്കിക്കൊണ്ടു വന്നു സമരം ചെയ്യിപ്പിക്കുന്നു എന്നാണ് ധനകാര്യമന്ത്രി പറഞ്ഞത്. ഖജനാവില്‍ പൂച്ചപെറ്റു കിടക്കുന്നതു കൊണ്ടാണ് ധനകാര്യമന്ത്രി അങ്ങനെ പറഞ്ഞത്. ഇതിന് മുന്‍പ് സിപിഎമ്മുമായി ബന്ധപ്പെട്ട സംഘടനയും സമരം ചെയ്തല്ലോ. അവരെയും കുത്തിയിളക്കിക്കൊണ്ടു വന്നതാണോ? സമരം ചെയ്യുന്നവരെ ആക്ഷേപിക്കേണ്ട കാര്യമില്ല. കേരളത്തില്‍ സമരം ചെയ്യുന്നത് പുത്തരിയല്ല. ആവശ്യത്തിനും അനാവശ്യത്തിനും സമരം ചെയ്തവരാണ് ഇപ്പോള്‍ അനാവശ്യ സമരമെന്നു പറയുന്നത്.’ വി.ഡി.സതീശൻ ആരോപിച്ചു.
‘കോവിഡ് കാലത്ത് ആശ വര്‍ക്കര്‍മാര്‍ ചെയ്ത സേവനം ലോകം മുഴുവന്‍ അംഗീകരിച്ചതാണ്. ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിച്ചിരുന്ന കാലത്താണ് ആശ വര്‍ക്കര്‍മാര്‍ വീടുകള്‍ കയറിയിറങ്ങിയത്. 13,500 രൂപ ഓണറേറിയം കിട്ടുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ 7,000 രൂപയില്‍ കൂടുതല്‍ കയ്യില്‍ കിട്ടുന്നില്ലെന്നതാണു യാഥാര്‍ഥ്യം. സമരം പൊളിക്കുന്നതിനു വേണ്ടിയാണ് പതിമൂവായിരത്തിന്റെ കണക്കു പറയുന്നത്. മാസത്തില്‍ എല്ലാ ദിവസവും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നവരാണ് ആശ വര്‍ക്കര്‍മാര്‍. ഇത്രയും കഷ്ടപ്പെട്ടു ചെയ്യുന്ന ജോലിയുടെ ഓണറേറിയം 21,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നതു ന്യായമായ ആവശ്യമാണ്. വിരമിക്കുമ്പോള്‍ അഞ്ചു ലക്ഷം രൂപയെങ്കിലും നല്‍കണം. ഓണറേറിയത്തിന് നിശ്ചയിച്ചിരിക്കുന്ന അനാവശ്യ മാനദണ്ഡങ്ങളും പിന്‍വലിക്കണം. ഓണറേറിയം മാറ്റി വേതനം നല്‍കാനും സര്‍ക്കാര്‍ തയാറാകണം.’ വി.ഡി.സതീശൻ പറഞ്ഞു.
‘മുഴുവന്‍ ആശാ വര്‍ക്കര്‍മാര്‍ക്കും വേണ്ടിയാണ് ഈ സമരം. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തതിനു സംഘടനയുടെ നേതാക്കളോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതു സ്റ്റാലിന്റെ റഷ്യയല്ല കേരളമാണെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. പോലീസ് ഭീഷണിപ്പെടുത്തിയാല്‍ തോറ്റു പിന്‍മാറുന്നവരല്ല ഈ സമരത്തിന് നേതൃത്വം നല്‍കുന്നത്. ഐക്യ ജനാധിപത്യ മുന്നണി ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പൂര്‍ണപിന്തുണ നല്‍കുമെന്നും’ വി.ഡി സതീശൻ പറഞ്ഞു.
STORY HIGHLIGHT: vd satheesan supports asha workers strike