മഹാകുംഭമേള നടക്കുന്ന ഗംഗാനദിയിൽ ജലം മലിനമാണെന്ന റിപ്പോർട്ട് തളളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗംഗ നദിയും യമുന നദിയും സംഗമിക്കുന്ന ത്രിവേണീ സംഗമത്തിലെ വെളളം കുളിക്കാൻ മാത്രമല്ല കുടിക്കാനും അനുയോജ്യമാണെന്ന് യോഗി പറഞ്ഞു.
‘ത്രിവേണി സംഗമത്തിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നു. ത്രിവേണീ സംഗമത്തിലേക്കുള്ള എല്ലാ പൈപ്പുകളും ഡ്രെയിനുകളും അടച്ചിരിക്കുകയാണ്. ശുദ്ധീകരിച്ചതിന് ശേഷം മാത്രമാണ് വെള്ളം തുറന്നു വിടുന്നത്. യുപി മലിനീകരണ നിയന്ത്രണ ബോർഡ് വെളളത്തിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. ഇന്നത്തെ കണക്കുകൾ പ്രകാരം ത്രിവേണീസംഗമത്തിലെ വെള്ളത്തിന്റെ ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് മൂന്നിൽ താഴെയാണ്. അതിനർഥം ആ പ്രദേശത്തെ വെള്ളം കുളിക്കാൻ മാത്രമല്ല, കുടിക്കാനും അനുയോജ്യമാണെന്നാണ്.
മൃഗങ്ങളുടെ മാലിന്യം, മനുഷ്യമാലിന്യം തുടങ്ങിയവ വെളളത്തിലേക്കു എത്തിയാൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ ഉണ്ടാകാം. എന്നാൽ പ്രയാഗ്രാജിലെ കോളിഫോം ബാക്ടീരിയയുടെ അളവ് കുറവാണ്. ഇത് 2000 ത്തിൽ താഴെയാണെന്ന് കേന്ദ്ര ഹരിത ട്രൈബ്യൂണലും പറഞ്ഞിട്ടു.’ യോഗി ആദിത്യനാഥ് പറഞ്ഞു. കുംഭമേള നടക്കുന്ന ഗംഗാനദിയിൽ വളരെ ഉയർന്ന അളവിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
STORY HIGHLIGHT: up cm yogi