കാര്യവട്ടം കോളേജിലെ റാഗിങ്ങില്‍ അറസ്റ്റ് ചെയ്ത ഏഴ് വിദ്യാര്‍ഥികളെ പോലീസ് വിട്ടയച്ചു. കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴുപേരാണ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയെ ക്രൂരമായ റാഗിങ്ങിന് വിധേയരാക്കിയത്. വേലു, പ്രിന്‍സ്, അനന്തന്, പാര്ത്ഥന്, അലന്, ശ്രാവണ്‍, സല്മാന് എന്നിവരെയാണ് കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. കാര്യവട്ടം ഗവണ്മെന്റ് കോളേജില്‍ റാഗിങ് നടന്നു എന്ന പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ റാഗിങ്ങിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് കഴക്കൂട്ടം പോലീസ് വിദ്യാര്‍ത്ഥികളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയിരുന്നത്. അന്വേഷണം നടത്തിയ ആന്റി റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്.
കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ അക്രമികള്‍ തുപ്പിയ വെള്ളം നല്‍കിയെന്നും. കോളേജിന്റെ ഗ്രൗണ്ടില്‍വെച്ചും പിന്നീട് കാംപസിനുള്ളിലെ ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയും ക്രൂരമായി മര്‍ദിച്ചതായാണ് വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തിൽ ഏഴുവിദ്യാര്ഥികളേയും ഏഴുദിവസത്തേക്ക് കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
STORY HIGHLIGHT: kariavattom gov college ragging