അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ കേരളം തിരിച്ചു വരവിന്റെ പാതയില്‍. ഒന്നാം ഇന്നിങ്‌സില്‍ 457 റണ്‍സെന്ന മികച്ച സ്‌കോര്‍ ഉയര്‍ത്തിയ കേരളത്തിനെതിരെ ഗുജറാത്ത് ഉജ്ജ്വലമായി തിരിച്ചടിച്ചിരുന്നു. മൂന്നാം ദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെന്ന നിലയിലാണ് അവര്‍ മത്സരം അവസാനിപ്പിച്ചത്.
എന്നാല്‍ നാലാം ദിനമായ ഇന്ന് കേരളം തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിരിച്ചു വരവിന്റെ സൂചനകള്‍ നല്‍കി. വെറ്ററന്‍ സ്പിന്നര്‍ ജലജ് സക്‌സേനയാണ് നാലാം ദിനം കേരളത്തിന്റെ തിരിച്ചടിക്ക് നേതൃത്വം നല്‍കിയത്. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. എംഡി നിധീഷ്, ബേസില്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
നിലവില്‍ ഗുജറാത്ത് 5 വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ്. 5 വിക്കറ്റുകള്‍ ശേഷിക്കെ കേരളത്തിനൊപ്പമെത്താന്‍ ഗുജറാത്തിനു ഇനി 132 റണ്‍സ് കൂടി വേണം. അതിനു മുന്‍പ് അവരെ പുറത്താക്കി നിര്‍ണായക ലീഡ് പിടിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം.
ഓപ്പണറും വെറ്ററന്‍ താരവുമായി പ്രിയങ്ക് പഞ്ചാല്‍ (148) നേടിയ സെഞ്ച്വറിയും സഹ ഓപ്പണര്‍ ആര്യ ദേശായ് നേടിയ (73) അര്‍ധ സെഞ്ച്വറിയുമാണ് ഗുജറാത്തിന്റെ തിരിച്ചടിക്ക് കരുത്തായത്. മനന്‍ ഹിങ്‌രാജിയ (33), ഹേമംഗ് പട്ടേല്‍ (27), ഉര്‍വില്‍ പട്ടേല്‍ (25) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. നേരത്തെ മുഹമ്മദ് അസ്ഹറുദ്ദീന്‍ പൊരുതി നേടിയ കിടയറ്റ സെഞ്ച്വറിയാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. താരം 177 റണ്‍സെടുത്തു. സല്‍മാന്‍ നിസാര്‍ അര്‍ധ ശതകം നേടി. 202 പന്തുകള്‍ നേരിട്ട താരം 52 റണ്‍സിന് പുറത്തായി. അഹമ്മദ് ഇമ്രാന്‍ 66 പന്തില്‍ നിന്ന് 24 റണ്‍സ് നേടി അസ്ഹറുദ്ദീന് മികച്ച പിന്തുണ നല്‍കി.
4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയിലാണ് കേരളം രണ്ടാം ദിനം തുടങ്ങിയത്. ആദ്യ ദിനത്തില്‍ കേരളത്തെ മിന്നും ബാറ്റിങ്ങുമായി മുന്നോട്ടു നയിച്ച ക്യാപ്റ്റന്‍ സച്ചിന്‍ ബേബി രണ്ടാം ദിനത്തില്‍ തുടക്കം തന്നെ പുറത്തായി. 195 പന്തുകള്‍ പ്രതിരോധിച്ച് സച്ചിന്‍ 69 റണ്‍സെടുത്തു. അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന എന്നിവര്‍ 30 വീതം റണ്‍സെടുത്തു പൊരുതി നിന്നു. മൂവരും ആദ്യ ദിനത്തില്‍ തന്നെ പുറത്തായിരുന്നു. വരുണ്‍ നായനാരാണ് (10) പുറത്തായ മറ്റൊരു കേരള താരം.
ഗുജറാത്തിനായി അസന്‍ നഗ്വാസ്വല്ല രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. രവി ബിഷ്‌ണോയ്, പ്രിയജിത് സിങ് ജഡേജ, വിശാല്‍ ജയസ്വാള്‍എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
content highlight: Renji trophy semi final