Kerala

149 ലിറ്റർ വാറ്റ് ചാരായം പിടികൂടി; കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി

നെടുമങ്ങാട് വലിയമലയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നും 149 ലിറ്റർ വാറ്റ് ചാരായമാണ് പിടികൂടിയത്. ഒപ്പം 39 ലിറ്റർ വൈൻ, വെടിമരുന്ന്, കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ തുടങ്ങിയവയും കണ്ടെത്തി.

സംഭവത്തിൽ വലിയമല പനയ്ക്കോട് സ്വദേശി ഭജൻലാലി (32) നെ റൂറൽ എസ്പിയുടെ സ്പെഷ്യർ ഡാൻസാഫ് ടീം പിടികൂടി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഘം വീട്ടിൽ എത്തി പരിശോധന നടത്തിയത്.

ഭജൻ ലാലിന്റെ വീടിന്റെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ അറകൾക്ക് ഉളളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. വീടിന്‍റെ മുറ്റത്ത് ചീര കൃഷി നടത്തി അതിന് സമീപമുള്ള കുഴിയിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. കാട്ടുപന്നിയെ വേട്ടയാടാൻ വേണ്ടിയാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്.

കൂടാതെ ലിറ്റർ കണക്കിന് വൈനും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ വലിയമല പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. കാട്ടുപന്നിയുടെ അവശിഷ്ടം കണ്ടെത്തിയത് കൊണ്ട് വനം വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തും. ആവശ്യക്കാർക്ക് 2000 മുതൽ 3000 രൂപയ്ക്ക് വാറ്റ് ചാരായം വിറ്റതായാണ് വിവരം. ആവശ്യക്കാർക്ക് സ്ഥലത്ത് എത്തിച്ച് നൽകുന്ന രീതിയായിരുന്നു പ്രതിയുടേതെന്നും പൊലീസ് കണ്ടെത്തി.

Latest News