Kerala

ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ | Human rights commission

തിരുവനന്തപുരം: തലസ്ഥാനത്ത് ആശാവർക്കർമാർ നടത്തുന്ന സമരത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിച്ച് പ്രവർത്തിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ ആശാവർക്കർമാരും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നിർദേശം.

രാജ്യത്ത് ശിശുമരണനിരക്കിൽ ഗണ്യമായ കുറവുണ്ടായത് ആശാവർക്കർമാരുടെ സേവനം കൊണ്ടാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടു. പാർശ്വവത്ക്കരിക്കപ്പെട്ടവരെ പരിപാലിക്കുന്നവർ തന്നെ പാർശ്വവത്ക്കരിക്കപ്പെടുകയാണ്. സമൂഹത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നവർക്ക് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നത് വിരോധാഭാസമാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. ആശാവർക്കർമാരുടെ ജോലി സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ വ്യക്തമായ നയവും നടപടികളും സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരെ എത്തിച്ച് മഹാസംഗമം നടത്തിയിരുന്നു. രണ്ടുമാസത്തെ കുടിശ്ശിക അനുവദിച്ചും, ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കിയും ആരോഗ്യവകുപ്പ് സമരത്തിൽ അനുനയനീക്കം തുടരുകയാണ്. എന്നാൽ ഓണറേറിയം വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ ആകില്ല എന്നാണ് ആശ വർക്കർമാരുടെ നിലപാട്. ഇന്ന് മുതൽ സമരം കൂടുതൽ ശക്തമാകുമെന്നും ആശാവർക്കർമാർ അറിയിച്ചു.

അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന സമരത്തിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന് കൈമാറിയിട്ടുണ്ട്. പൊതുഗതാഗതവും കാൽനട സ‌ഞ്ചാരവും തടസപ്പെടുത്തിയുളള പ്രതിഷേധം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്ക് വന്നത്. ഇത്തരം കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലേക്ക് ഇത് കൈമാറാൻ രജിസ്ട്രിക്ക് കോടതി നിർദേശം നൽകുകയായിരുന്നു.