പൂട്ടിക്കിടക്കുന്ന വീടുകളില്‍ മോഷണം നടത്തി വിലപ്പെട്ട സാധനങ്ങള്‍ കവരുന്ന അന്തസ്സംസ്ഥാന മോഷ്ടാവ് പുനലൂര്‍ പോലീസിന്റെ പിടിയില്‍. വിളക്കുടി ചരുവിള പുത്തന്‍വീട്ടില്‍ ഷിജു ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന, ഇളമ്പല്‍ സ്വദേശിയായ സഹായി ഓടിരക്ഷപ്പെട്ടു. അക്രമാസക്തനായി ബ്ലേഡ് കൊണ്ട് പോലീസിനെ ആക്രമിച്ച പ്രതിയെ ഏറെ പണിപ്പെട്ടാണ് പോലീസ് കീഴടക്കിയത്.
വിവിധ സംസ്ഥാനങ്ങളിലായി ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണ് ഷിജു. പുനലൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന വിവിധ മോഷണങ്ങളില്‍ ഇയാളുടെ പങ്ക് തെളിഞ്ഞെന്നും എസ്.എച്ച്.ഒ. ടി. രാജേഷ്കുമാര്‍ പറഞ്ഞു. പുനലൂര്‍ തൊളിക്കോട്ട് ഫയര്സ്റ്റേഷന് എതിര്‍വശത്തുള്ള ‘രാജീവം’ വീട്ടില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആന്ധ്രാപ്രദേശില്‍ മോഷണം നടത്തിയതിനെത്തുടര്‍ന്ന് പിടിയിലായ ഇയാള്‍ ഇക്കഴിഞ്ഞ ഡിസംബര്‍ ആറിനാണ് തിരുപ്പതി ജയിലില്‍ നിന്നും പുറത്തിറങ്ങിയതെന്നും പോലീസ് പറഞ്ഞു.
പത്തുദിവസത്തോളം പൂട്ടിക്കിടന്ന ഈ വീട്ടില്‍ നിന്നും ഒരു പവനിലധികം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. ഇവിടെ നിന്നുള്ള വിരലടങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് വ്യക്തമായത്. കരവാളൂര്‍ പഞ്ചായത്തിലെ വെഞ്ചേമ്പ് ആയുര്‍വേദ ആശുപത്രിയില്‍ നടന്ന മോഷണത്തിലും മാത്രയില്‍ വീട് കുത്തിത്തുറന്ന് മൂന്നരപ്പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തിലും പിറവന്തൂരില്‍ പ്രവാസിയുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷണം പോയ സംഭവത്തിലും ഇയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. മോഷണക്കേസില്‍ ഒട്ടേറെത്തവണ ജയില്‍വാസം അനുഭവിച്ചിട്ടുള്ള പ്രതി തമിഴ്നാട്ടിലാണ് താമസിച്ചുവന്നിരുന്നതെന്നും കേരളത്തിലേക്ക് വന്ന് പൂട്ടിക്കിടക്കുന്ന വീടുകള്‍ നിരീക്ഷിച്ച് മോഷണം നടത്തുകയായിരുന്നു പതിവെന്നും പോലീസ് പറഞ്ഞു.
STORY HIGHLIGHT: thief caught by kerala police