കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒ ടി.എം.ജേഴ്സണ് സസ്പെൻഷൻ. ഗതാഗത കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് ഗതാഗത വകുപ്പ് സ്പെഷൽ സെക്രട്ടറിയാണ് ജേഴ്സണെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
‘ഉത്തരവാദിത്തപ്പെട്ട സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ ജേഴ്സന്റെ പ്രവർത്തി പൊതുജനങ്ങൾക്കിടയിൽ വകുപ്പിന്റെ സല്പേരിനും അന്തസ്സിനും കളങ്കവും അവമതിപ്പും ഉണ്ടാക്കിയിട്ടുള്ളതിനാൽ അന്വേഷണവിധേയമായി ഉദ്യോഗസ്ഥനെ ഉടൻ സസ്പെൻഡ് ചെയ്യണം.’ എന്നായിരുന്നു ഗതാഗത കമ്മിഷണറുടെ ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് സ്പെഷൽ സെക്രട്ടറി പി.ബി.നൂഹ് ജേഴ്സണെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.
ചെല്ലാനം – ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഈ മാസം മൂന്നിന് അവസാനിച്ച പെർമിറ്റ് പുതുക്കുന്നതിന് ചെല്ലാനം സ്വദേശിയിൽ നിന്ന് 5,000 രൂപയും ഒറു കുപ്പി വിദേശമദ്യവും കൈക്കൂലിയായി വാങ്ങി എന്നാണ് കേസ്. വിജിലന്‍സിന്റെ നിർദേശപ്രകാരം 5000 രൂപയും ഒരു കുപ്പി മദ്യവും ഏജന്റുമാർക്ക് കൈമാറുമ്പോൾ വിജിലൻസ് പിടികൂടുകയായിരുന്നു. ജേഴ്സൺ പറഞ്ഞിട്ടാണ് തങ്ങൾ പ്രവർത്തിച്ചത് എന്ന ഏജന്റുമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആർടിഒയെയും വിജിലസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ 49 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തിരുന്നു.
STORY HIGHLIGHT: rto jerson suspension on bribery case