എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി. ദിവ്യയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്കി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്. വിജിലന്‍സ് ആസ്ഥാനത്ത് നേരിട്ട് എത്തി ഭൂമി ഇടപാടുകളുടെയും മറ്റ് അഴിമതികളുടെയും രേഖകള്‍ സഹിതമാണ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയ്ക്കു പരാതി നല്‍കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ടെന്നും ബെനാമി കമ്പനിക്ക് കോടികളുടെ കരാര്‍ നല്‍കിയത് വഴിവിട്ടാണെന്നും ആരോപിച്ചാണ് പരാതി. ജില്ലാ പഞ്ചായത്ത് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം കെട്ടിടം നിർമിക്കാന്‍ 49 സെന്റ് സ്ഥലം 2,40,32,500 രൂപയ്ക്ക് വാങ്ങിയതിനു പിന്നിലും അഴിമതിയുണ്ടെന്നും ഷമ്മാസ് പറഞ്ഞു. ‘ഭൂമിയിടപാടിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തുന്ന സ്റ്റേറ്റ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ബെനാമി കമ്പനിയായ കാര്ട്ടന് ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിനു പ്രീ ഫാബ്രിക്കേറ്റ് നിർമാണ കരാര്‍ നല്‍കിയതിലെ ക്രമക്കേടുകളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സില്‍ക്കിനു ലഭിച്ച കരാറുകള്‍ എങ്ങനെ ബെനാമി കമ്പനിയായ കാര്‍ട്ടണ്‍ ഇന്ത്യ അലൈന്‍സിന് കിട്ടി എന്നത് സംബന്ധിച്ച ഒരു രേഖയും ഇല്ലെന്നും ഇ-ടെണ്ടര്‍ നടന്നതിനും രേഖകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കേന്ദ്രീകരിച്ച് പി.പി. ദിവ്യയുടെ നേതൃത്വത്തില്‍ നടന്നത് അടിമുടി ദുരൂഹമായ ഇടപാടുകളാണ്. സ്കൂളുകളില്‍ കുടുംബശ്രീ കിയോസ്ക് നിർമിച്ചതിലുള്പ്പടെയുള്ള പദ്ധതികളില്‍ വ്യാപക അഴിമതി നടന്നു. വിഷയത്തില്‍ സമഗ്ര അന്വേഷണം അനിവാര്യമാണ്. പുറത്തുവരുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്.’ ഷമ്മാസ് പറഞ്ഞു. കൂടാതെ ദിവ്യയുടെ മടിയില്‍ കനം ഉള്ളതുകൊണ്ട് ഉള്ളില്‍ ഭയമുണ്ടെന്നും മുഹമ്മദ് ഷമ്മാസ് കൂട്ടിച്ചേര്‍ത്തു.
STORY HIGHLIGHT: corruption allegations against pp divya