ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടി കെബിഎം റോഡില്‍ മരം വീണ് 19 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. ചൊവ്വല്ലൂര്‍പ്പടി സെന്‍റ് ജോണ്‍സ് സ്‌കൂളിനു മുന്നില്‍ മനയില്‍ കൃഷ്ണാനന്ദന്‍റെ വീട്ടുവളപ്പിലെ മാവിന്‍റെ കൊമ്പാണ് ഒടിഞ്ഞു വീണത്. വൈദ്യുതി ലൈനുകള്‍ക്ക് അടിയില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
സ്‌കൂളില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുന്നതിനാല്‍ സ്‌കൂള്‍ അധികൃതരും നാട്ടുകാരും വിവരമറിയിച്ചത് അനുസരിച്ച് കെഎസ്ഇബി ജീവനക്കാര്‍ സ്ഥലത്തെത്തി. വൈദ്യുതി ബന്ധം വിച്‌ഛേദിച്ച് മരം മുറിച്ചു നീക്കാനുള്ള ശ്രമത്തിനിടെ പന്ത്രണ്ടരയോടെ മാവിന്റെ വലിയൊരു കൊമ്പു കൂടി ഒടിഞ്ഞുവീണു. ഈ സമയം ലൈന്‍മാന്‍ കലേഷ് മരത്തിന് താഴെ നിന്നിരുന്നു. ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
രം വൈദ്യുതി ലൈനിലേക്ക് വീണതിനെ തുടര്‍ന്ന് ഒരു കിലോമീറ്ററോളം ദൂരത്തില്‍ 19 പോസ്റ്റുകള്‍ മുറിയുകയും കമ്പികള്‍ റോഡില്‍ പൊട്ടി വീഴുകയും ചെയ്തു. ചൊവ്വല്ലൂര്‍ പടി സെന്‍ററിലേക്ക് പോയിരുന്ന ഓട്ടോയുടെ മുകളിലേക്കാണ് വൈദ്യുതി പോസ്റ്റ് വീണത്. സമീപവാസികള്‍ നിലവിളിച്ചതോടെ ഡ്രൈവര്‍ ചൊവ്വല്ലൂര്‍ സ്വദേശി രാമനത്ത് ഷാഹു ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയിറങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഗുരുവായൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും എത്തി നാട്ടുകാരുടെ സഹായത്തോടെ റോഡില്‍ നിന്ന് മരം മുറിച്ച് നീക്കംചെയ്തു. ഴുമപ്പാടം, തൈക്കാട് സൗത്ത് എന്നീ രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളില്‍ ഞായറാഴ്ച രാത്രി വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
STORY HIGHLIGHT: guruvayoor tree fell and broke electricity post