India

ഒരേ കുടുംബത്തിലെ സ്ത്രീകൾ മരിച്ചനിലയിൽ, പുരുഷന്മാർക്ക് വാഹനാപകടം; കേസില്‍ വഴിത്തിരിവ് – kolkatha mystery deaths

പശ്ചിമബംഗാളില്‍ ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകളും ഒരു പെണ്‍കുട്ടിയും മരണപ്പെടുകയും അതേകുടുംബത്തിലെ രണ്ട് പുരുഷന്മാരും ഒരാണ്‍കുട്ടിയും കാറപകടത്തില്‍ പെടുകയും ചെയ്ത കേസില്‍ വഴിത്തിരിവ്. കാറപകടത്തില്‍ പെട്ടവര്‍ പോലീസിനോട് പറഞ്ഞതുപോലെ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുകയായിരുന്നില്ല എന്ന് തെളിയിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.

സ്ത്രീകളും പെണ്‍കുട്ടിയും കൊലപാതകം ചെയ്യപ്പെട്ടതാണ് എന്ന തെളിവിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ മെട്രോപോളിറ്റന്‍ ബൈപ്പാസിലെ അഭിഷിക്ത ക്രോസിങില്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് കാര്‍ അപകടത്തില്‍ പെട്ടത്. സഹോദരങ്ങളായ പ്രണയ് ദേ, പ്രസൂണ്‍ കുമാര്‍ ദേ, പ്രണയ് ദേയുടെ മകന്‍ പ്രദീപ് ദേ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണ് തങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും വീട്ടില്‍ ഭാര്യമാരും മകളും ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞത്.

കിഴക്കന്‍ കൊല്‍ക്കത്തയിലെ ടാംഗ്രയിലുള്ള ഇവരുടെ വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ രണ്ട് സ്ത്രീകളെയും ഒരു പെണ്‍കുട്ടിയേയും മരിച്ച നിലയില്‍ കണ്ടെത്തി. പ്രണയ് ദേയുടെ ഭാര്യ സുധേഷ്ണ ദേ, പ്രസൂണിന്റെ ഭാര്യ റോമി ദേ, പ്രസൂണിന്റെ മകള്‍ പ്രിയംവദ ദേ) എന്നിവരാണ് മരിച്ചത്. മൂവരുടേയും കൈത്തണ്ട മുറിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. അപകടത്തില്‍ പെട്ട കാറിന് അപകടത്തിലേക്ക് നയിക്കാന്‍ തക്കതായ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. അന്വേഷണത്തില്‍ ദേ കുടുംബം കനത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു എന്ന് പോലീസിന് മനസിലായി.

അതേസമയം പ്രസൂണിന്റെ ഭാര്യ റോമി ദേയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ട് എന്ന് കാണിച്ച് അവരുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്‍.ആര്‍.എസ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ സുധേഷ്ണയുടെയും റോമിയുടെയും കൈത്തണ്ടയില്‍ മാത്രമായിരുന്നില്ല, കഴുത്തിലും മുറിവ് ഉണ്ടായിരുന്നതായി കണ്ടെത്തി. രക്തം വാര്‍ന്നാണ് ഇരുവരും മരിച്ചത് എന്നാണ് റിപ്പോര്‍ട്ടിലെ വിവരം. പ്രിയംവദയുടെ ചുണ്ടിലും മൂക്കിനടുത്തും മുറിവുകളും ചതവുമുണ്ടായിരുന്നു. മാത്രമല്ല, കുട്ടിയുടെ വായില്‍നിന്നും നുരയും വന്നിരുന്നു. ഇത് കുട്ടിക്ക് വിഷം നല്‍കിയിരുന്നു എന്നതിന് തെളിവാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം കുടുംബത്തിലെ മൂന്ന് സ്ത്രീകളേയും കൊലപ്പെടുത്തി പുരുഷന്മാര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം.

STORY HIGHLIGHT: kolkatha mystery deaths