തിരുവനന്തപുരം: തരംമാറ്റാനുള്ള ഭൂമി 25 സെന്റിൽ കൂടുതലുണ്ടെങ്കിൽ മുഴുവൻ സ്ഥലത്തിനും ന്യായവിലയെ അടിസ്ഥാനമാക്കി ഫീസ് അടയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിലെ ആയിരക്കണക്കിനു ഭൂവുടമകളെ ബാധിക്കും. 25 സെന്റിൽ കൂടുതലും എന്നാൽ 30 സെന്റിൽ കുറവുള്ളതുമായി ഒട്ടേറെ അപേക്ഷകർ, ഇക്കാര്യത്തിൽ കോടതിയിൽനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തരംമാറ്റം ലഭിച്ച ഭൂമിയുടെ ഫീസ് അടയ്ക്കുന്നത് നീട്ടിക്കൊണ്ടു പോയിരുന്നു. സുപ്രീംകോടതി വിധിയോടെ ഇവരെല്ലാം മുഴുവൻ സ്ഥലത്തിനും ഫീസ് അടയ്ക്കേണ്ട സ്ഥിതിയാണ്. ഒരേക്കർ വരെ ന്യായവിലയുടെ 10%, അതിൽ കൂടുതലെങ്കിൽ ന്യായവിലയുടെ 20% എന്നിങ്ങനെയാണു സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ്. ചെറിയ അളവിൽ ഭൂമി തരംമാറ്റുന്നവരെ ഉദ്ദേശിച്ചുള്ള ആനുകൂല്യം മറ്റുള്ളവർക്കു നൽകാനാവില്ലെന്നാണു സർക്കാർ വാദം.
25 സെന്റ് വരെ ഭൂമി തരംമാറ്റത്തിന് ഫീസ് സൗജന്യമാക്കി സംസ്ഥാന സർക്കാർ 2021 ഫെബ്രുവരി 21നാണ് ഉത്തരവിറക്കിയത്. ഭൂമി 25 സെന്റിൽ കൂടുതലുണ്ടെങ്കിൽ അധികമായി വരുന്ന സ്ഥലത്തിന്റെ ന്യായവിലയുടെ 10% ഫീസ് അടച്ചാൽ മതിയെന്ന കേരള ഹൈക്കോടതി വിധി റദ്ദാക്കിയാണു സുപ്രീംകോടതി ഉത്തരവ്.
ഓൺലൈനായും ഓഫ്‌ലൈനായും ഭൂമി തരംമാറ്റത്തിനുള്ള 3.86 ലക്ഷം അപേക്ഷകളാണു 2018ൽ നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം ഭേദഗതി ചെയ്ത ശേഷം തീർപ്പാക്കിയത്. ഒരു മാസത്തിനകം ഫീസ് അടയ്ക്കണമെന്നാണ് ഉത്തരവുകളിൽ വ്യക്തമാക്കാറുള്ളതെങ്കിലും ഫീസ് ഉയർന്നതിനാൽ വലിയ ഭൂവുടമകളിൽ പലരും പണം അടയ്ക്കാറില്ല. എന്നിട്ടും 1606.90 കോടി രൂപയാണ് ഭൂമി തരംമാറ്റ ഫീസ് ഇനത്തിൽ സർക്കാരിന് ഇതു വരെ ലഭിച്ചത്.