Sports

ചെസ് താരം മാഗ്നസ് കാൾസന്റെ വിവാദ ജീൻസ് ലേലത്തിന് | Magnus Carlsen

ഡ്രസ് കോഡ് ലംഘിച്ചു ജീൻസ് ധരിച്ചെത്തിയ കാൾസനു ഫിഡെ പിഴയും വിലക്ക് ഭീഷണിയും ഉയർത്തിയിരുന്നു

മാഗ്നസ് കാൾസനെ വിലയ്ക്കെടുക്കാൻ ലോക ചെസ് ഭരണസമിതിയായ ഫിഡെയ്ക്കു പോലുമാവില്ല; പക്ഷേ കാൾസന്റെ ജീൻസ് ഇപ്പോൾ ആരാധകർക്കു വിലയ്ക്കു വാങ്ങാം!

ഫിഡെയുമായി കലഹത്തിനു വരെ കാരണമായ തന്റെ പ്രശസ്തമായ ജീൻസ് ലേലത്തിനു വച്ചിരിക്കുകയാണ് നോർവെ താരം. കഴിഞ്ഞ ഡിസംബറിൽ ലോക റാപിഡ് ചെസ് ചാംപ്യൻഷിപ്പിൽ, ഡ്രസ് കോഡ് ലംഘിച്ചു ജീൻസ് ധരിച്ചെത്തിയ കാൾസനു ഫിഡെ പിഴയും വിലക്ക് ഭീഷണിയും ഉയർത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ലോക ഒന്നാം നമ്പർ താരം ടൂർണമെന്റിൽനിന്നു തന്നെ പിൻമാറി.

ഇതോടെ തുടർന്നുള്ള ബ്ലിറ്റ്സ് ചാംപ്യൻഷിപ്പിൽ ഡ്രസ് കോഡിൽ മാറ്റം വരുത്താൻ ഫിഡെ നിർബന്ധിതരായി. ജീൻസ് ധരിച്ചു തന്നെ മത്സരത്തിൽ പങ്കെടുത്ത കാൾസൻ സംയുക്ത ചാംപ്യനാവുകയും ചെയ്തു. ‘ജീൻസ്ഗേറ്റ്’ എന്നറിയപ്പെട്ട ഈ വിവാദത്തിലൂടെ ശ്രദ്ധേയമായ ഈ ജീൻസാണ് ഇ–ബേ സൈറ്റിലൂടെ കാൾസൻ ലേലത്തിൽ വച്ചിരിക്കുന്നത്. മത്സരശേഷം അലക്കുക പോലും ചെയ്യാതിരുന്ന ജീൻസിന് ഇന്നലെ വൈകിട്ട് ലേലത്തുക 7 ലക്ഷം വരെ എത്തിയിട്ടുണ്ട്. മാർച്ച് 2 വരെയാണ് ലേലം.

ലേലത്തിലൂടെ ലഭിക്കുന്ന തുക കുട്ടികൾക്കായുള്ള ജീവകാരുണ്യ രംഗത്തു പ്രവർത്തിക്കുന്ന ‘ബിഗ് ബ്രദേഴ്സ്, ബിഗ് സിസ്റ്റേഴ്സ്’ എന്ന സംഘടനയ്ക്കു നൽകുമെന്നും കാൾസൻ പ്രഖ്യാപിച്ചിട്ടുണ്ട്.