കേരളം രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിക്കുന്നതിനായി തന്ത്രങ്ങളൊരുക്കിയത് അമെയ് ഖുറേസി എന്ന പരിശീലകനാണ്. ഒന്നാം ഇന്നിങ്‌സിൽ പരമാവധി ക്രീസിൽ പിടിച്ചുനിൽക്കാനുള്ള തന്ത്രം തന്നെയാണ് രഞ്ജി ചരിത്രത്തിലാദ്യമായി കേരളത്തെ ഫൈനലിലെത്തിച്ചത്. തല്ലാൻ പറഞ്ഞാൽ കൊന്നിട്ടു വരുന്ന ശിഷ്യന്മാർ ആശാന്റെ ഉപദേശം അക്ഷരാർഥത്തിൽ നടപ്പാക്കി. മുഹമ്മദ് അസ്‌ഹറുദീനും സൽമാൻ നിസാറും ആവിഷ്കരിച്ച പദ്ധതി ക്രീസിൽ കൃത്യമായി നടപ്പാക്കി.
അടിച്ചുകളിക്കാൻ ആലോചിക്കുമ്പോൾ കോച്ചിന്റെ മുഖം മനസ്സിൽ തെളിയുമെന്നാണ് അസ്‌ഹർ പറഞ്ഞത്. 187 ഓവറാണ് ബാറ്റർമാർ പിടിച്ചുനിന്നത്. കേരളത്തിന്റെ രഞ്‌ജി ട്രോഫി ചരിത്രത്തിൽ അപൂർവമായ ചെറുത്തുനിൽപ്പ്. ആവശ്യമായ ഉപദേശങ്ങളും നിർദേശങ്ങളുമായി കളിയിൽ ഉടനീളം പരിശീലകന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഈ സീസൺ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ്‌കോച്ചായിരുന്ന മുൻ സ്‌പിൻ ബൗളർ എം വെങ്കട്ടരമണയുടെ പിൻഗാമിയായി മുൻ ഇന്ത്യൻ താരമായ ഖുറേസിയ ചുമതലയേറ്റത്. കളത്തിലും പുറത്തും കർക്കശക്കാരനായ കോച്ച് അത് പോലെ തന്നെ കളിക്കാരുടെ കൂട്ടുകാരനുമായി. എന്നാൽ അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയുമില്ല.
ഇന്ത്യക്കായി 12 ഏകദിന മത്സരങ്ങൾ കളിച്ച ഇടംകൈയൻ ബാറ്ററാണ് മധ്യപ്രദേശിൽനിന്നുള്ള അമ്പത്തിരണ്ടുകാരൻ. 1999ൽ അരങ്ങേറ്റത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 57 റണ്ണടിച്ചാണ് തുടക്കം. രണ്ടുവർഷത്തിനുള്ളിൽ ഇന്തൃൻ ടീമിൽനിന്ന് പുറത്തായി. 1999 ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിച്ചില്ല.
CONTENT HIGHLIGHT: Amey Khuresi coach