Recipe

സ്വീറ്റി കൊഴുക്കട്ട ഉണ്ടാക്കിയാലോ?

നല്ല കിടിലൻ കൊഴുക്കട്ട ഉണ്ടാക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ കഴിക്കാനിഷ്ടപ്പെടുന്ന കൊഴുക്കട്ട എങ്ങെനെയുണ്ടാക്കാമെന്ന് നോക്കാം.

ചേരുവകൾ:

വറുത്ത അരിപ്പൊടി – 2 കപ്പ്
തേങ്ങ ചിരകിയത് – 1½ കപ്പ്
ശർക്കര – 250 ഗ്രാം
ഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺ
വെള്ളം – ¼ കപ്പ്
ചുക്കുപൊടി – ¼ ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
തിളച്ച വെള്ളം – 2½ കപ്പ്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യമായി ശർക്കര വെള്ളം ചേർത്ത് ഉരുക്കി അരിച്ച പാനി
ഉണ്ടാക്കണം.ശേഷം അടുപ്പത്തുവെച്ച് ചെറുതായി ചൂടാക്കി അതിലേക്ക് തേങ്ങയും ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും നെയ്യും ചേർത്ത് നന്നായി ഇളക്കി ഫില്ലിങ് ഉണ്ടാക്കി മാറ്റിവെക്കണം. ഇനി വറുത്ത അരിപ്പൊടി ഒന്നുകൂടി ചൂടാക്കിയെടുത്ത് അതിലേക്ക് തിളച്ചവെള്ളമൊഴിച്ച് ഉപ്പുചേർത്തു നന്നായി കുഴച്ചെടുക്കണം. മയംകിട്ടാൻ അൽപ്പം വെളിച്ചെണ്ണ കൂടി ചേർക്കേണ്ടതുണ്ട്. മാവ് കുഴയ്ക്കാൻ ചൂടുവെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.ഇനി മാവ് ചെറിയ ഉരുളകളാക്കി മാറ്റിയെടുക്കണം. ഇനിയിത് വിരലുപയോഗിച്ച് നടുക്ക് കുഴിച്ച് മുൻപ് തയ്യാറാക്കിവെച്ച ഫില്ലിങ്ങ് ചേർക്കുക. ശേഷം ഇതി കൈകൊണ്ട് ഉരുട്ടി ഫില്ലിങ് അകത്താകുന്ന വിധം മടക്കിയെടുക്കുക. ഇനിയിത് 10-12 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം. ഇതോടെ ചൂട് കൊഴുക്കട്ട റെഡി.