കേരളത്തിന്റെ വികസന കുതിപ്പിന് വേദിയായി ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി. നിക്ഷേപക ഉച്ചകോടിയുടെ സമാപന ദിനത്തിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയിൽ നടത്തുമെന്നാണ് പ്രഖ്യാപനം. വ്യവസായ സെക്രട്ടറിക്കൊപ്പം മാധ്യമങ്ങളെ കണ്ട് ഗ്രൂപ്പ് മേധാവി ഷറഫുദ്ദീൻ ഷറഫ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ പ്രധാന ഏഴ് സിറ്റികളില്‍ ഷറഫ് ഗ്രൂപ്പിന് വ്യവസായങ്ങളുണ്ട്. കേരളത്തിലെ രണ്ട് സ്ഥലങ്ങളില്‍ 5000 കോടിയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. ആകർഷകമായ രീതിയില്‍ സംഘടിപ്പിച്ച് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി വലിയ വിജയമാക്കിയ സര്‍ക്കാരിനെയും മന്ത്രിയെയും അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ദിവസം തന്നെ ഗ്ലോബല്‍ ഇൻവസ്റ്റേഴ്സ് മീറ്റില്‍ വൻ നിക്ഷേപ വാഗ്ദാനം ആണ് ഉണ്ടായത്. അദാനി ഗ്രൂപ്പ് 30000 കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. ഇതില്‍ വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപമെത്തും. അദാനി ഗ്രൂപ്പ് 5000 കോടിയുടെ ഇ കൊമേഴ്സ് ഹബ് പദ്ധതി അദാനി തുടങ്ങും. തിരുവനന്തപുരം വിമാനത്താവളത്തില്‍ 5000 കോടിയുടെ വികസന വാഗ്ദാനമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
26 വിദേശരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ മൂവായിരത്തോളം സംരംഭകരാണ് രണ്ടുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജര്‍മനി, വിയറ്റ്നാം, നോര്‍വേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇന്‍വെസ്റ്റ് കേരളയുടെ പങ്കാളിരാജ്യങ്ങളാണ്.
ആസ്റ്റർ ഗ്രൂപ്പിൻ്റെ 850 കോടി രൂപയുടെ നിക്ഷേപം അടക്കം ഒട്ടേറെ കരാറുകൾ ഇന്നലെ ഒപ്പുവച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും നിക്ഷേപകരുമായി നടത്തിയ വിവിധ തലങ്ങളിലുള്ള കൂടിക്കാഴ്ചകളുടെ തുടർച്ച ഇന്നുണ്ടാകും. വൈകിട്ട് സംഗമം സമാപിക്കും.